രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കും, വിദേശയാത്രക്കു രഹസ്യസ്വഭാവം, പാര്‍ട്ടി പോലും അറിഞ്ഞില്ല

By Rajesh Kumar.19 Aug, 2018

imran-azhar


എസ്. എല്‍. ശ്യാം

 

* കാനം പോലും അറിയാതെ ജര്‍മനിയിലേക്ക് യാത്ര


* സി.പി.ഐ എക്‌സിക്യൂട്ടീവും കൗണ്‍സിലും രോഷത്തില്‍


* ഈ മന്ത്രി വേണ്ടെന്ന് കോട്ടയം ജില്ലാ കമ്മിറ്റി

 

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ വിദേശ സന്ദര്‍ശനം നടത്തിയ വനം മന്ത്രി കെ. രാജുവിന്റെ തൊപ്പി തെറിക്കും.
സംസ്ഥാനത്ത് പ്രളയം തിമിര്‍ത്താടുന്നതിനിടെ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ പേരില്‍ രാജുവിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനാണ് സി. പി. ഐയുടെ ആലോചന. ഈ സംഭവം പാര്‍ട്ടിക്കും ഇടതു മുന്നണി സര്‍ക്കാരിനും ഉണ്ടാക്കിയ നാണക്കേടില്‍ നിന്ന് തലയൂരാനാണ് നടപടി.
ഇക്കഴിഞ്ഞ പതിനാറിനാണ് രാജു ജര്‍മനിയിലേക്കു പോയത്. ലോക മലയാളി കൗണ്‍സിലിന്റെ ഗ്‌ളോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര.
ജര്‍മനിയിലേക്ക് പോകുന്ന വിവരം സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പോലും അറിയിച്ചിരുന്നില്ല. സി. പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് രാജു. എക്‌സിക്യൂട്ടീവിനും രാജുവിന്റെ യാത്രയെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഇത്തരം യാത്രകള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി അനിവാര്യമാണ്.


കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് രാജുവിന് നല്‍കിയിരുന്നത്. കോട്ടയം ജില്ലയുടെ ഓരോ ഭാഗങ്ങളും പ്രളയക്കെടുതിയില്‍ നാമാവശേഷമാകുന്നത് കണ്ടുകൊണ്ടാണ് രാജു ജര്‍മനിയിലേക്ക് വിമാനം കയറിയത്. രാജു പുറപ്പെടുമ്പോള്‍ കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്തും സംഭവിക്കാമെന്ന അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്.


രാജുവിന്റേത് രഹസ്യ സ്വഭാവത്തോടെയുള്ള വിദേശ യാത്രയായാണ് സി. പി. ഐ വിലയിരുത്തുന്നത്. ഇക്കാര്യം പുറത്തു പറഞ്ഞിരുന്നെങ്കില്‍ കാനം രാജേന്ദ്രന്‍ അനുമതി നിഷേധിക്കുമായിരുന്നുവെന്ന് ഉറപ്പുള്ളതിനാല്‍ ബോധപൂര്‍വം രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു എന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയാണ് കോട്ടയം. അതേ ജില്ലയുടെ ചുമതല തന്നെ വിട്ടെറിഞ്ഞ് വിദേശ പര്യടനത്തിനു പറന്നതില്‍ സി. പി. ഐയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. രാജുവിനെതിരെ സി. പി. ഐ കോട്ടയം ജില്ലാ കമ്മിറ്റി ശക്തമായി രംഗത്തു വന്നിട്ടുണ്ട്. ജില്ലയില്‍ തങ്ങളെ ഈ നടപടി അപഹാസ്യരാക്കിയെന്ന് അവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


സി. പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ബഹു ഭൂരിപക്ഷവും രാജുവിനെ ഉടന്‍തന്നെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന അഭിപ്രായക്കാരാണ്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ നിലപാടും മറിച്ചല്ല.


സംസ്ഥാന എക്‌സിക്യൂട്ടീവാണ് മന്ത്രിയെ മറ്റാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത്. സംസ്ഥാന കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കണം. നിലവിലുള്ള സാഹചര്യത്തില്‍ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും രാജുവിനെ പിന്തുണയ്ക്കാന്‍ അധികമാരും ഉണ്ടാവില്ല.


വ്യാഴാഴ്ച സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ചു. ഉടന്‍ തന്നെ വീണ്ടും എക്‌സിക്യൂട്ടീവ് യോഗം ചേരും.


പുറത്താക്കല്‍ ചര്‍ച്ചകള്‍ക്കു മുന്നോടിയായി രാജുവിനോട് വിശദീകരണം തേടും. പ്രളയക്കെടുതി നേരിടാനുള്ള ധന സമാഹരണത്തിനു വേണ്ടി കൂടിയാണ് താന്‍ ജര്‍മനിയില്‍പോയതെന്ന വാദമാണ് രാജു ഉയര്‍ത്താന്‍ സാദ്ധ്യത. ജര്‍മനിയില്‍നിന്ന് വന്‍ തുക സഹായ ധനമായി ലഭിക്കുമെന്ന് രാജു പറഞ്ഞിട്ടുമുണ്ട്.


പതിനാറിന് ജര്‍മനിക്കു രാജു ജര്‍മനിക്കു പോയത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. വിവരം അറിഞ്ഞ് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാജുവിനോട് സന്ദര്‍ശനം റദ്ദാക്കി ഉടന്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടു. നേരത്തെ തീരുമാനിച്ചിരുന്ന ചടങ്ങ് റദ്ദാക്കി അപ്പോള്‍ തന്നെ രാജു മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്നലെ അര്‍ദ്ധ രാത്രിയോ ഇന്നു രാവിലെ രാജു മടങ്ങിയെത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

 

OTHER SECTIONS