മിഠായി പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

By online desk .19 11 2019

imran-azhar

 

 

തിരുവനന്തപുരം: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് മിഠായി സെന്ററുകളുള്ളത്. ഇത് വ്യാപിപ്പിച്ച് കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകളിലും കൊല്ലം കൊട്ടാരക്കര ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വയനാട് കല്‍പ്പറ്റ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് കഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലും മിഠായി സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതാണ്. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റേയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായത്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, തുടങ്ങിവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചയവും നല്‍കുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നല്‍കി വരുന്നു.

തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രമേഹ രോഗം ചികിത്സിക്കണം. ചിലതിന് ജീവിതകാലം മരുന്ന് കഴിക്കേണ്ടി വരും. സാമ്പത്തിക പ്രശ്‌നം കാരണം ആരും മരുന്ന് മുടക്കരുത്. ഇതിനായാണ് മിഠായി പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി മരുന്ന് കഴിക്കണം. പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. സംസ്ഥാനത്തെ പ്രമേഹബാധിതരായ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രക്ഷിതാക്കളും കൃത്യമായ ശീലങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മിഠായി പദ്ധതിയിലൂടെ ജീവിതത്തിലേക്ക് കളിചിരിയുമായി തിരികെയെത്തിയ 400ഓളം കുട്ടികളാണ് ഒത്തുകൂടിയത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. മിഠായി പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു. എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡോ. റിയാസ്, ഡോ. വിജയകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വാഗതവും അസി. ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

 

OTHER SECTIONS