മൊബൈൽ നിരക്ക് 42% വരെ കൂടും: മൊബൈൽ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി

By online desk .02 12 2019

imran-azhar

 

 

മുംബൈ: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. വൊഡഫോണ്‍- ഐഡിയ, എയര്‍ടെല്‍ കമ്പനികളാണ് 42 ശതമാനം വരെ നിരക്കുകള്‍ ഉയര്‍ത്തിയത്. വര്‍ദ്ധിപ്പിച്ച മൊബൈല്‍ കോള്‍ നിരക്കും ഡാറ്റാ സേവന നിരക്കുകളും നാളെ മുതല്‍ നിലവില്‍ വരും. ഇതോടെ പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളില്‍ നിരക്ക് ഭീമമായ വര്‍ദ്ധനയാണ് ഉണ്ടാകുക. കഴിഞ്ഞ പാദത്തില്‍ 52000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. 2, 28,84,365 ദിവസങ്ങള്‍ കാലാവധിയുള്ള വിവിധ പ്ലാനുകള്‍ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടുപിടിച്ച് മറ്റു സേവനദാതാക്കളും നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വലിയ കടബാധ്യതയില്‍ കുരുങ്ങിയ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന സുവര്‍ണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നതാണ്.


വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ - വോഡാഫോണും എയര്‍ടെല്ലും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. കമ്പനികളെ സഹായിക്കുന്നതിനും വന്‍ നിരക്ക് വര്‍ധന ഒഴിവാക്കാനുമായി സ്പെക്ട്രം ലേലത്തുക കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം അനുവദിച്ചിരുന്നു. കുടിശ്ശിക രണ്ട് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയെന്നായിരുന്നു കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഒക്ടോബര്‍ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്, വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും 81,000 കോടി രൂപ കുടിശ്ശികയാണ് ഉള്ളത്. സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം റെക്കോര്‍ഡ് 50,921.9 കോടി രൂപയയും എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയുമായിരുന്നു. പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു. അതിനിടെ ജിയോയും നിരക്കു വര്‍ദ്ധിപ്പിച്ചിരുന്നു. സര്‍ക്കാരും ട്രായിയും ആവശ്യപ്പെടുന്നത് അനുസരിച്ച് മാത്രമേ നിരക്ക് വര്‍ധിപ്പിക്കൂവെന്നാണ് റിലയന്‍സ് ജിയോ ആദ്യം അഭിപ്രായപ്പെട്ടത്. ഈ കമ്പനികളുടെ പാത പിന്തുടര്‍ന്ന് ഇനി റിലയന്‍സ് ജിയോയും കൂടുതല്‍ നിരക്ക് വര്‍ദ്ധന നടത്തിയാല്‍ അത് വലിയ പ്രഹരം ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

OTHER SECTIONS