By Web Desk.13 05 2022
കോഴിക്കോട്: മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) യുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവ് സജാദിനെ അറസ്റ്റ് ചെയ്തു.
ഷഹനയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. രാസപരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. വെള്ളിയാഴ്ച രാത്രി കബറടക്കും.
ഷഹന തൂങ്ങി മരിച്ചതാണെന്നാണു ഭര്‍ത്താവ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം.
വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനല്‍ക്കമ്പിയില്‍ ഷഹന കെട്ടിയതാണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും രീതിയില്‍ ജീവനൊടുക്കിയതായി തെളിവുകളുണ്ടായിരുന്നില്ല.