രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ്; ചര്‍ച്ചയ്ക്കായി സര്‍വ്വകക്ഷി യോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി

By mathew.16 06 2019

imran-azhar

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 19ന് ലോക്‌സഭാ സമ്മേളനത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. ഇന്നു ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചത്.

രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. ഇതു കൂടാതെ, 2022ല്‍ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഈ വര്‍ഷം നടക്കുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

പാര്‍ലമെന്റിന്റെ പുതിയ സെഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിക്കുന്നത് കീഴ്വഴക്കത്തിന്റെ ഭാഗമാണ്. സുഗമമായ പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് പ്രതിപക്ഷ കക്ഷിയടക്കം എല്ലാ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ഥിച്ചതായി സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, വരള്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് ഇന്നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. യോഗത്തിനു ശേഷം എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും നന്ദി അറിയിച്ച് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.

OTHER SECTIONS