ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ; 'ചന്ദ്രയാൻ 2' ഉച്ചക്ക് 2.43ന് കുതിക്കും, കൗൺഡൗൺ ആരംഭിച്ചു

By online desk.21 07 2019

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള കൗൺഡൗൺ ആരംഭിച്ചു. 20 മണിക്കൂർ കൗണ്ട്ഡൗൺ വൈകിട്ട് 6.43നാണ് ആരംഭിച്ചത്. ചന്ദ്രനിലേയ്ക്കുള്ള 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം 47 ദിവസം കൊണ്ട് താണ്ടി സെപ്റ്റംബര്‍ ഏഴിന് ദക്ഷിണധ്രുവത്തിലിറങ്ങാന്‍ രണ്ടാം ചന്ദ്രയാന്‍ പേടകം ഇന്ന് യാത്ര തുടങ്ങും. ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം. വിജയകരമായാല്‍ 16-ാം മിനിറ്റില്‍ (2.59ന്) പേടകം ഭൂമിയുടെ ആദ്യഭ്രമണപഥത്തില്‍ പ്രവേശിക്കും. അപ്പോള്‍ ചന്ദ്രയാന്‍ ഭൂമിയില്‍ നിന്ന് 40,400കിലോ മീറ്റര്‍ അകലെയും അടുത്തു വരുമ്പോള്‍ 170 കിലോമീറ്ററും എന്ന ദീര്‍ഘവൃത്താകാരഭ്രമണപഥത്തിലായിരിക്കും. നേരത്തെ 54 ദിവസത്തെ യാത്ര നിശ്ചയിച്ച് ജൂലായ് 15ന് പുലര്‍ച്ചെ വിക്ഷേപിക്കാനിരുന്ന പേടകം കുതിച്ചുയരാന്‍ 56 മിനിറ്റ് ബാക്കി നില്‍ക്കെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി. ആ തീരുമാനം വലിയ നിരാശയിലേയ്ക്ക് ജനതയെ തള്ളിവിട്ടെങ്കിലും 1000 കോടിയുടെ പദ്ധതി കത്തിയമരാതെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

 

ആദ്യത്തെ 17 ദിവസം ഭൂമിയെ ചുറ്റുന്ന പേടകം അഞ്ച് തവണ ഭ്രമണപഥം ഉയര്‍ത്തിയാണ് ചന്ദ്രനിലേയ്ക്ക് നേരെയുള്ള യാത്ര തുടരുന്നത്. ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ കൃത്യമായ ഒരു ഭ്രമണപഥത്തില്‍ പേടകം പ്രവേശിക്കുന്നത് അതിസങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ചന്ദ്രന്റെ ആകര്‍ഷണവലയത്തിലാകാന്‍ ഒരു നിശ്ചിത വേഗത വേണം. ആ വേഗത അല്പമൊന്നു കൂടിയാല്‍ പേടകം ചന്ദ്രനെ കടന്നു പോകും. കുറഞ്ഞു പോയാല്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീഴും. ഇതു രണ്ടും സംഭവിക്കാന്‍ പാടില്ല. സെക്കന്റില്‍ എട്ടു കിലോമീറ്റര്‍ എന്ന വേഗതയില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം തുടര്‍ന്നുള്ള യാത്രയില്‍ പിന്നെയും വേഗതയാര്‍ജ്ജിക്കും. ഇത് നിയന്ത്രിക്കുന്നതിലാണ് മിടുക്ക്. പേടകത്തിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുന്നത്. ഇതിന് സാങ്കേതികമായി ഫയറിംഗ് എന്നു പറയും. ഇതേ എന്‍ജിന്റെ ദിശ തിരിച്ച് ജ്വലിപ്പിക്കുമ്പോള്‍ വേഗത കുറയുന്നു. അതായത് പേടകത്തിന് ബ്രേക്ക് ചവിട്ടുന്നു. ഇതിന് റെട്രോഫയറിംഗ് എന്നാണ് പറയുന്നത്. ഇത്തരത്തില്‍ ബ്രേക്ക് പിടിച്ച് ഒരു നിശ്ചിത വേഗത്തിലാണ് ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ ചന്ദ്രയാന്‍ പ്രവേശിക്കുക. ഇങ്ങനെ പ്രവേശിച്ച പേടകത്തെ 100ണ100 കിലോമീറ്റര്‍ എന്ന വൃത്താകാര ഭ്രമണപഥത്തില്‍ ഉറപ്പിക്കുകയാണ് അടുത്ത ഘട്ടം.

 

ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), അതില്‍ നിന്നും പുറത്തു വന്ന് ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍(പ്രജ്ഞാന്‍) എന്നിവ അടങ്ങിയ ത്രി-ഇന്‍-വണ്‍ ആണ് ചന്ദ്രയാന്‍ പേടകം. ഓര്‍ബിറ്ററിന്റെ മുകളിലായാണ് ലാന്‍ഡര്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതിനുള്ളിലാണ് റോവര്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ് ലാന്‍ഡര്‍, ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് സ്വന്തം ഭ്രമണപഥത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങും. തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ നിന്നും 30 കിലോ മീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ ലാന്‍ഡര്‍ പ്രവേശിക്കും. ഇവിടെ നിന്നാണ് ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനായി ലാന്‍ഡര്‍ മെല്ലെ മെല്ലെ താഴുക. ഇറങ്ങാന്‍ 24 മണിക്കൂര്‍ മാത്രം ശേഷിക്കെ ലാന്‍ഡറിലെ ഒപ്റ്റിക്കല്‍ ഹൈ റസലൂഷന്‍ കാമറ ചിത്രങ്ങളെടുത്ത് ഭൂമിയിലേയ്ക്ക് അയക്കും. ഈ ഫോട്ടോകള്‍ ബംഗളുരുവിലെ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്ക് കേന്ദ്രത്തില്‍ വിശകലനം ചെയ്താണ് കൃത്യമായി ഇറങ്ങാനുള്ള സ്ഥലം തിട്ടപ്പെടുത്തുക.

OTHER SECTIONS