സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

By praveen prasannan.17 Feb, 2017

imran-azhar

തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കരുനാഗപ്പള്ളിയില്‍ യുവതീ യുവക്കളെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേബുക്കിലൂടെ അറിയിച്ചു.


സദാചാര ഗുണ്ടകള്‍ യുവതീയുവാക്കളെ ആക്രമിക്കുന്നതും ആക്രമണത്തിനിരയായവര്‍ യാചിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. ആക്രമികള്‍ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറേ നികൃഷ്ടമാണ്.സാംസ്കാരിക ബോധത്തിന് നേര്‍ക്കുള്ള കൊഞ്ഞം കുത്തലാണ് അത്. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കടുത്ത നിയമലംഘനമാണ്. ഇതിന് പിന്നിലെ വ്യക്തിയെയും നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടു വരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

പാര്‍ക്കിലോ ക്യാന്പസിലോ മറ്റ് പൊതു ഇടങ്ങളിലോ സംസാരിച്ചിരിക്കുന്ന ആണ്‍കുട്ടികളെയുടെയും പെണ്‍കുട്ടികളെടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സദാചാര വിരുദ്ധമായ കാര്യമായി പ്രചരിപ്പിച്ച് തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസിലാക്കണം. ഇത്തരം ക്രിമിനല്‍ ചട്ടന്പിത്തരങ്ങള്‍ കേരളത്തില്‍ അനുദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.