ഹെല്‍മെറ്റില്ലാത്തവര്‍ക്ക് 1600 രൂപ പിഴ വരുന്നു

By mathew.16 07 2019

imran-azhar

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ 1600 രൂപ വരെ പിഴ ഈടാക്കും. ഹെല്‍മെറ്റില്ലാത്തയാളെ പിന്നിലിരുത്തുന്നവര്‍ക്കും ഇതേ തുക പിഴ നല്‍കേണ്ടി വരും.
മോട്ടോര്‍ വാഹന വകുപ്പാണ് പിഴ പതിനാറിരട്ടി കണ്ട് വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നത്.
നിലവില്‍ ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് 100 രൂപയാണ് പിഴ ഈടാക്കുന്നത്. ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റ് യാത്രക്കാരുമായി പോയാലും ഇതേ തുക തന്നെ പിഴ നല്‍കണം.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെയും പൊലീസിലേയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രി എ. കെ ശശീന്ദ്രനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ ചട്ടം നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനമായി. ഇക്കാലയളവില്‍ വാഹന യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.
പെട്രോള്‍ പമ്പുകളും മറ്റു പ്രധാന മേഖലകളും കേന്ദ്രീകരിച്ചായിരിക്കും ബോധവല്‍ക്കരണം. ഇതിനു ശേഷം ഇരുചചക്രവാഹനങ്ങളിലെ ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്കും കാറിലെ സീറ്റ് ബെല്‍റ്റില്ലാത്ത യാത്രക്കാര്‍ക്കും പിഴ ഈടാക്കും.
ഈ പിഴത്തുകയാണ് വര്‍ദ്ധിപ്പിക്കുന്നത്. 1600 രൂപയുടെ പിരിവ് ഇങ്ങനെയായിരിക്കും.
ഹെല്‍മെറ്റില്ലാത്ത കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ 100 രൂപ അടിസ്ഥാന പിഴ. ഇത് ഹെല്‍മെറ്റ് ഇല്ല എന്ന കുറ്റത്തിനു മാത്രം.
ഇതേ ആളിനു തന്നെ അപകടകരമായ വാഹനം ഓടിക്കല്‍ വ്യവസ്ഥ ചുമത്തി 1000 രൂപ കൂടി പിഴയിടാം. ഒപ്പം നിയമലംഘനത്തിനുള്ള 500 രൂപ പിഴയും ചുമത്താം . മൂന്നും കൂടി ചേര്‍ന്നാല്‍ 1600 രൂപ.

 

OTHER SECTIONS