മിസ്റ്റര്‍ ഏഷ്യയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; അമിത രക്തസ്രാവം മൂലം യുവതി ആശുപത്രിയില്‍

By Anju N P.01 Sep, 2018

imran-azhar

കോട്ടയം: ശരീരസൗന്ദര്യമത്സരത്തില്‍ മിസ്റ്റര്‍ ഏഷ്യ പട്ടം കരസ്ഥമാക്കിയ നാവികസേനാ ഉദ്യോഗസ്ഥനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി മുരളികുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍മുറിയില്‍ പീഡിപ്പിക്കുന്നതിനിടെ അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി മെഴി നല്‍കി. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും പട്ടികജാതിപീഡനത്തിനുമാണ് മുരളീകുമാറിനെതിരെ കേസ് എടുത്തത്.

 

യുവതി കോട്ടയം നഗരത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച കോട്ടയം നഗരത്തിലെ മുന്തിയ ഹോട്ടലിലാണ് സംഭവം. കോട്ടയം നഗരത്തിലെത്തിയ യുവതിയെ, ചായ കുടിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഇത് മുരളീകരുമാര്‍ നിഷേധിക്കുന്നുണ്ട്.

 

ഹോട്ടല്‍മുറിയില്‍ വെച്ച് വൈകീട്ട് ഏഴുമണിയോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ഇയാള്‍തന്നെ ആശുപത്രിയിലെത്തിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി മയക്കി പീഡിപ്പിച്ചതാണെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് വിവരം ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവതിയുമായി ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇയാള്‍ മൊഴി നല്‍കി.

 

ഇതോടെ വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ്, എസ്ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. നാവികസേനയില്‍ ഉദ്യോഗസ്ഥനായ പ്രതിയുമായി നാലു മാസം മുമ്പാണ് പരിചയത്തിലായത്. വാട്സ് ആപ്പും ഫേസ്ബുക്കും വഴി ബന്ധം തുടര്‍ന്നു. കഴിഞ്ഞയിടെ നാട്ടിലെത്തിയ ഇയാള്‍ വ്യാഴാഴ്ച ഫോണില്‍ വിളിച്ച്, കാണണമെന്നും നഗരത്തിലെത്തണമെന്നും ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ മൊഴി.

 

ഉച്ചയോടെ കോട്ടയം നഗരത്തിലെത്തിയ തന്നെ ചായ കുടിക്കാനെന്നുപറഞ്ഞ് ഹോട്ടലിലെത്തിച്ചു. പിന്നീട് ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതിനിടെ രക്തസ്രാവമുണ്ടാകുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ മുംബൈയിലാണ് താമസിക്കുന്നത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.