കേന്ദ്ര കാർഷിക ബിൽ ; രാജ്യത്തെ കാർഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ല്‌:മുല്ലപ്പള്ളി

By online desk .21 09 2020

imran-azhar


തിരുവനന്തപുരം : കേന്ദ്ര കാർഷിക ബില്ലുകൾക്കെതിരെ കടുത്ത വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ബില്ലിനെതിരെ ഉയർന്നുവരുന്നത് .രാജ്യത്തെ കാര്‍ഷിക മേഖലക്ക്‌ ചരമഗീതം പാടിയ ബില്ലാണ്‌ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു.

 

ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്‌.ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ്‌ ജീവിക്കുന്നത്‌. സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണ്‌ കൃഷിക്കാര്‍. ഇൗ നിയമം പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി മാറും.കൃഷിയുടെ നിയന്ത്രണം കര്‍ഷകന്‌ നഷ്ടമാക്കുന്ന ബില്ലാണിത്‌.കുത്തക ഭീമന്‍മാര്‍ നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്യുകയും ഉത്‌പന്നങ്ങള്‍ അവര്‍ പറയുന്ന വിലയ്‌ക്ക്‌ നല്‍കേണ്ട സ്ഥിതിയുമാണ്‌ ഈ ബില്ല്‌ പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകന്‍ നേരിടേണ്ടി വരിക അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു കഴിഞ്ഞുഎന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടുള്ള പുതിയ നിയമം അവരെ ആഗാധമായ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടും അദ്ദേഹം വ്യക്തമാക്കി.

 

 

രാജ്യത്തെ കര്‍ഷക ആത്മഹത്യ പതിന്‍മടങ്ങ്‌ വര്‍ധിക്കുമെന്നതില്‍ സംശയമിലെന്നും ബി.ജെ.പി സര്‍ക്കാര്‍ ബിൽ ഏകപക്ഷീയമായിട്ടാണ് കൊണ്ടുവന്നതെന്നും ‌ അദ്ദേഹം ആരോപിച്ചു‌.കണ്‍കറന്റ്‌ ലിസ്റ്റില്‍പ്പെടുന്ന വിഷയമാണ്‌ കാര്‍ഷികം. എന്നിട്ടും എന്തുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം മുഖവിലക്ക്‌ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ജനാധിപത്യവിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന്‌ മേലുള്ള കടന്ന്‌ കയറ്റവുമാണിതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

 


പാര്‍ലമെന്റ്‌ കീഴ്‌വഴക്കങ്ങള്‍ എല്ലാം ലംഘിച്ചാണ്‌ ബില്ല്‌ പാസാക്കിയത്‌. ഇതിനെതിരെ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി പ്രതിഷേധാര്‍ഹമാണ്‌. ഈ ബില്ല്‌ കേരളത്തിലെ കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്‌ കെ.പി.സി.സി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മികളുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 26ന്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

OTHER SECTIONS