മുല്ലപ്പെരിയാര്‍ വീണ്ടും തുറന്നു; ചപ്പാത്ത് പാലത്തിലും വീടുകളിലും വെള്ളം കയറി

By RK.07 12 2021

imran-azhar


കുമളി: തിങ്കളാഴ്ച രാത്രിയില്‍ എട്ടരയോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ യെത്തുടര്‍ന്ന് പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഷട്ടറുകള്‍ തുറന്നത്. 120 സെന്റിമീറ്ററുകള്‍വീതം ഉയര്‍ത്തിയ ഷട്ടറുകള്‍വഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്.

 

2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടില്‍ നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്‌നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.

 

രാത്രി പത്തോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി. രാത്രി ഒന്‍പതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി സ്ഥതിഗതികള്‍ വിലയിരുത്തി.

 

രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്നാട് അടച്ചു. പിന്നാലെ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.

 

 

 

 

 

OTHER SECTIONS