മൂന്നാര്‍: പിണറായിയെ കുറ്റപ്പെടുത്തി വി ടി ബല്‍റാം

By praveen prasannan.21 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റ ഭൂമിയിലെ കുരിശ് തകര്‍ത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി ടി ബല്‍റാം എം എല്‍ എ. കുരിശ് കാണുന്പോള്‍ മുട്ടു വിറയ്ക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് തന്നെയാണോ വിളിക്കേണ്ടതെന്നാണ് ബല്‍റാം ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം.


ഇന്ന് സമൂഹത്തിന്‍റെ പരിച്ഛേദമായി മാറിയിട്ടുണ്ട് സാമൂഹ്യ മാധ്യമങ്ങള്‍. ഇവിടെ അഭിപ്രായം പറയുന്ന 90 ശതമാനത്തിലേറെ ക്രിസ്തീയ വിശ്വാസികളും മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്‍റെ ഭാഗമായുള്ള കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നതായിട്ടാണ് കാണുന്നത്.


അവര്‍ക്കാര്‍ക്കുമില്ലാത്ത വര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ സി പി എം എം എല്‍ എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന മുഖ്യമന്ത്രി തന്നെയും പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. കുരിശ് പൊളിക്കുന്നതിലൂടെ കളി മാറുമെന്നും അതോടെ എല്ലാ നടപടികളും നിര്‍ത്തി വന്‍കിട കയ്യേറ്റക്കാരെ രക്ഷിക്കാമെന്നുമായിരുന്നോ സര്‍ക്കാരിന്‍റെ ഉള്ളിലിരുപ്പ് എന്ന സംശയവും ബല്‍റാം ഉന്നയിക്കുന്നു.


അതേസമയം കാര്യമായ പ്രതിഷേധമൊന്നും സ്വാഭാവികമായി ഉയര്‍ന്ന് വരാത്തതിനാലാണോ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കയ്യേറ്റക്കാര്‍ക്ക് വേണ്ടി മുദ്രാവാക്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതെന്നും ബല്‍റാം ചോദിക്കുന്നു.കുരിശ് പൊളിക്കുന്ന സര്‍ക്കാരാണോ ഇതെന്ന ചോദ്യം നാട്ടിലെ സാധാരണക്കാരുടെയോ പ്രതിപക്ഷത്തിന്‍റെയോ ചോദ്യമല്ല. അത് പൊതുമുതല്‍ കയ്യേറാന്‍ വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യ ദ്രോഹികളുടെ മാത്രം ചോദ്യമാണ്. കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കാന്‍ ധീരമായി മുന്നോട്ട് പോകുന്ന റവന്യു വകുപ്പിനെ പിന്‍തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

 

OTHER SECTIONS