ച്യുയിംഗം വാങ്ങിയില്ല; ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

By mathew.22 08 2019

imran-azhar

 

ഇന്ദിര നഗര്‍: കോടതിവളപ്പില്‍ വെച്ച് ഭര്‍ത്താവ് നല്‍കിയ ച്യുയിംഗം വാങ്ങാത്തതിനാല്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സിവില്‍ കോടതി വളപ്പിലായിരുന്നു സംഭവം. ഇന്ദിരാനഗര്‍ സ്വദേശിനി സിമ്മിയെയാണ് ഭര്‍ത്താവ് റാഷിദ് മുത്തലാഖ് ചൊല്ലിയത്.

2004ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍, വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി സിമ്മിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധന പീഡനത്തിനെതിരെ സിമ്മി കോടതിയില്‍ പരാതി നല്‍കിയിരുന്നു.

കേസിന്റെ വിസ്താരം കേള്‍ക്കുന്നതിനായാണ് ഇരുവരും കോടതിയിലെത്തിയത്. കോടതി വളപ്പില്‍ അഭിഭാഷകനുമായി സിമ്മി സംസാരിക്കുന്നതിനിടെ റാഷിദ് സിമ്മിക്ക് നേരെ ച്യുയിംഗം നീട്ടി. എന്നാല്‍ ഇത് വാങ്ങാന്‍ സിമ്മി കൂട്ടാക്കാത്തതില്‍ പ്രകോപിതനായ റാഷിദ് സിമ്മിയെ അസഭ്യം പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു. മുത്തലാഖ് ചൊല്ലിയ ഉടന്‍ തന്നെ റാഷിദ് കോടതിയില്‍ നിന്ന് പോകുകയായിരുന്നു.

തുടര്‍ന്ന് സിമ്മി വാസിര്‍ഖാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പോലീസ് വേണ്ട നടപടികളെടുക്കുന്നില്ലെന്നാണ് സിമ്മി പറയുന്നത്. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട അറിയിച്ചു.

 

OTHER SECTIONS