By Web Desk.28 03 2021
യാങ്കൂണ്‍: പട്ടാള ഭരണത്തിനെതിരെ മ്യാന്മറിലെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവിട്ടിട്ടുണ്ട്.
യാങ്കൂണിലും മന്‍ഡാലെയിലും അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു.
മാന്‍ഡലെയില്‍ 5 വയസ്സുള്ള ബാലന് അടക്കം 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണില്‍ 24 പേരും കൊല്ലപ്പെട്ടു.
വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.
ജനാധിപത്യത്തെ സംരക്ഷിക്കാനാണ് കര്‍ശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയില്‍ നടന്ന സൈനിക പരേഡില്‍ പട്ടാളഭരണത്തലവനായ ജനറല്‍ മിന് ഓങ് ലെയ്ങ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയനും യുഎസും മ്യാന്മറിനെ ഉപരോധിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാന്മറിനുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്.