നടപ്പിലാക്കിയ വലിയ തീരുമാനങ്ങള്‍ക്കൊക്കെ ശക്തി പകര്‍ന്നത് 125 കോടി വരുന്ന ഇന്ത്യന്‍ ജനത; നരേന്ദ്ര മോദി

By mathew.23 08 2019

imran-azhar

 

പാരീസ്: അധികാരത്തില്‍ തിരികെയെത്തി 75 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ക്കൊക്കെ ശക്തി പകര്‍ന്നത് 125 കോടി വരുന്ന ഇന്ത്യന്‍ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല വലിയ നേട്ടങ്ങളും ഇന്ത്യ കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സ്മാരകവും ഫ്രാന്‍സിലെ സാന്റ് ജെര്‍വേയില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്തു.

മനുഷ്യത്വ വിരുദ്ധമായ ആചാരമായിരുന്നു മുത്തലാഖ് എന്നും ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളോട് അനീതി ചെയ്തിരുന്ന ആ ആചാരം നാം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികളൊക്കെ രാജ്യം കൈക്കൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുക എന്നതാണ് 2019ലെ തിരഞ്ഞെടുപ്പ് വിജയം തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും, ദരിദ്രര്‍ക്കുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും പല പഠനങ്ങളും തെളിയിക്കുന്നത് ഇന്ത്യയില്‍ വലിയ രീതിയില്‍ ദാരിദ്ര നിര്‍മാര്‍ജനം നടന്നുവെന്നുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS