കോവിഡ് രണ്ടാം വ്യാപനം വെല്ലുവിളി നിറഞ്ഞത്; വാക്‌സിന്‍ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കണം; മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി

By Web Desk.08 04 2021

imran-azhar

 


ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ വീഴ്ച വരുത്തുന്നു. രണ്ടാം തരംഗം നേരിടാന്‍ യുദ്ധസമാനമായ നടപടികളാണ് വേണം. കോവിഡ് പരിശോധനയും വര്‍ധിപ്പിക്കണം.

 

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതീവശ്രദ്ധ വേണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കാണു നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.രാത്രികാല കര്‍ഫ്യൂ കൊറോണക്കാലത്താണ് ജീവിക്കുന്നതെന്ന് ആളുകളെ ഓര്‍മിപ്പിക്കും. കര്‍ഫ്യൂവിനെ കൊറോണ കര്‍ഫ്യു എന്ന് വിശേഷിപ്പിക്കുന്നത് നന്നായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

സംസ്ഥാനങ്ങള്‍ 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കണം. കോവിഡ് തിരിച്ചറിയാനും പോരാടാനും ഇതുമാത്രമാണ് പോംവഴി.

 

സ്വയം മുന്‍കൈയെടുത്തു പരിശോധിക്കണം. ഇപ്പോള്‍ കൂടുതല്‍ കോവിഡ് കേസുകളിലും ലക്ഷണങ്ങളില്ല. ചെറിയ രോഗങ്ങളായിരിക്കുമെന്നു കരുതും. അങ്ങനെ ആ കുടുംബത്തിലെല്ലാവര്‍ക്കും രോഗം ബാധിക്കാന്‍ കാരണമാകുന്നു.

 

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടുവരണം. ഏപ്രില്‍ 11നും 14നും ഇടയില്‍ വാക്‌സിന്‍ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

OTHER SECTIONS