റോഡ് ഷോയുമായി നരേന്ദ്ര മോദി അയോധ്യയില്‍; 40 വേദികള്‍, 1400 കലാകാരന്മാര്‍, വിമാനം പറന്നുയര്‍ന്നത് ജയ് ശ്രീറാം വിളിയോടെ!

ജനുവരി 22 ന് രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്ന അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ റോഡ് ഷോ. പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അയോധ്യ ജില്ലയില്‍ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു.

author-image
Web Desk
New Update
റോഡ് ഷോയുമായി നരേന്ദ്ര മോദി അയോധ്യയില്‍; 40 വേദികള്‍, 1400 കലാകാരന്മാര്‍, വിമാനം പറന്നുയര്‍ന്നത് ജയ് ശ്രീറാം വിളിയോടെ!

 

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: ജനുവരി 22 ന് രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്ന അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ റോഡ് ഷോ. പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അയോധ്യ ജില്ലയില്‍ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി 15,700 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രാംപഥിലെ 40 വേദികളിലായി 1,400 ലധികം കലാകാരന്മാര്‍

വിമാനത്താവളം മുതല്‍ അയോധ്യ റെയില്‍വെ സ്റ്റേഷന്‍ വരെ നരേന്ദ്ര മോദിയുടെ വന്‍ റോഡ് ഷോ നടന്നു. വഴിയരികില്‍ തടിച്ച് കൂടിയ ആയിരങ്ങളെ കണ്ട് ആവേശഭരിതനായ മോദി വാഹനത്തിന്റെ ഡോര്‍ തുറന്ന് സ്റ്റെപ്പില്‍ നിന്ന് ആളുകള്‍ക്ക് നേരെ കൈവീശി. തടിച്ച് കൂടിയ ജനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാംപഥില്‍ ഉടനീളം ഒരുക്കിയ 40 വേദികളില്‍ 1,400 ലധികം കലാകാരന്മാരുടെ സാംസ്‌കാരിക സംഘങ്ങള്‍ നടത്തിയ നാടന്‍ കലാ സാംസ്‌കാരിക പ്രകടനങ്ങള്‍ കൊണ്ട് റോഡ് ഷോ കടന്ന് പോയ വഴികള്‍ ഏറെ വര്‍ണ്ണാഭമായിരുന്നു. നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ വഴിയിലുടനീളം പൂക്കളും വര്‍ണ ചിത്രങ്ങളും ഒരുക്കിയിരുന്നു. രാംപാഥ് ഉള്‍പ്പെടെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും താത്ക്കാലിക ബാരിക്കേഡുകള്‍ക്കിരുവശത്തും തടിച്ചു കൂടിയ ആയിരങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

റോഡ് ഷോയ്ക്ക് ശേഷം നവീകരിച്ച അയോധ്യ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. റെയില്‍വെ സ്റ്റേഷന് അയോധ്യ ധാം റെയില്‍വെ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

ജയ് ശ്രീറാം വിളികളുമായി ആദ്യ വിമാനമുയര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹര്‍ഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യം പറന്നുയര്‍ന്നത് ഇന്‍ഡിഗോ വിമാനം. ആദ്യ വിമാനത്തിലെ യാത്രക്കാരെ പൈലറ്റ് അശുതോഷ് ശേഖര്‍ സ്വാഗതം ചെയ്തത് ജയ്ശ്രീറാം വിളികളോടെ. പൈലറ്റിന്റെ ജയ് ശ്രീറാം വിളി യാത്രക്കാരും ഏറ്റു വിളിച്ചു.

അയോധ്യ ക്ഷേത്രനഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യം പുറപ്പെട്ട വിമാനം നിയന്ത്രിക്കുന്നതിന് ഇന്‍ഡിഗോ അവസരം തന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. നിങ്ങളുടെ യാത്ര ഏറെ സന്തോഷകരമാവട്ടെയെന്ന് ആശംസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജയ് ശ്രീറാം. അശുതോഷ് യാത്രക്കാരോടായി പറഞ്ഞു.

വിമാനത്താവളത്തിന്റെ മുന്‍ ഭാഗം അയോധ്യയിലെ പുതിയ രാമമന്ദിറിന്റെ ക്ഷേത്ര വാസ്തു വാദ്യയെ അനുസ്മരിപ്പിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ശ്രീരാമന്റെ ജീവിതത്തെ ചീത്രീകരിക്കുന്ന കലകളും ചുവര്‍ചിത്രങ്ങളുമാണ്. ഇന്‍സുലേറ്റഡ് റൂഫിംഗ് സിസ്റ്റം, എല്‍.ഇ.ഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകളോട് കൂടിയ ലാന്‍ഡ് സ്‌കേപ്പിംഗ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, മലിന ജലശുദ്ധീകരണ പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1450 കോടിയിലധികം രൂപ ചെലവഴിച്ച ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

അയോധ്യ ധാം റെയില്‍വേ സ്റ്റേഷനും

ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോദ്ധ്യ ധാം റെയില്‍വെ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.

രാം ലല്ലയ്ക്ക് മാത്രമല്ല 4 കോടി ദരിദ്രര്‍ക്കും സ്വന്തമായി വീട് ലഭിച്ചു-പ്രധാനമന്ത്രി

ശ്രീരാമനോടൊപ്പം ഇന്ന് രാജ്യത്തെ നാല് കോടി ദരിദ്രര്‍ക്കും സ്വന്തമായി വീട് ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാംലല്ല ടെന്റിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയതിനെയും പുതിയതിനെയും ഒരുമിച്ച് കൊണ്ടുപോകുകയാണ്. കേദാര്‍ധാം പുനരുജ്ജീവിപ്പിക്കുക മാത്രമല്ല 315 ലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചു. ഓരോ വീട്ടിലും വെള്ളമെത്തിക്കാന്‍ 2 ലക്ഷത്തിലധികം വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു.

ലോകം മുഴുവന്‍ ജനുവരി 22 നായി കാത്തിരിക്കുന്നു. അയോധ്യയിലെ ജനങ്ങള്‍ക്കിടയില്‍ അതിയായ ആവേശമാണ്. നമ്മുടെ എല്ലാവരുടെയും ഈ ആവേശവും ആകാംക്ഷയും അയോദ്ധ്യയിലെ തെരുവുകളില്‍ കാണാമായിരുന്നു. അദ്ദേഹം പറഞ്ഞു. ജനുവരി 22 ന് ആരും അയോധ്യ സന്ദര്‍ശിക്കരുതെന്നും എല്ലാവരും അവരവരുടെ വീടുകളില്‍ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനുവരി 14 മുതല്‍ 22 വരെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുചിത്വ യജ്ഞം ആരംഭിക്കണം. പ്രധാനമന്ത്രി പറഞ്ഞു.

prime minister narendra modi Ayodhya ayodhya ram mandir