കര്‍ത്താര്‍പുര്‍ ഇടനാഴി; ഇന്ത്യന്‍ വിശ്വാസികളുടെ വികാരം മാനിച്ചതിന് ഇമ്രാന്‍ ഖാന് നന്ദിയറിയിച്ച് നരേന്ദ്ര മോദി

By mathew.09 11 2019

imran-azhar

 


ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദിയറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതിനാണ് പാക് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് മോദി രംഗത്തെത്തിയത്. കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ത്താര്‍പുര്‍ ഇടനാഴിയും സംയോജിത ചെക്ക്പോസ്റ്റും ഉദ്ഘാടനം ചെയ്യുന്നത് ഇരട്ടി സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഗുരു ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനം ഇനി കൂടുതല്‍ സൗകര്യപ്രദമാകും. കര്‍ത്താര്‍പുര്‍ ഇടനാഴിയിലെ സംയോജിത ചെക്ക്പോസ്റ്റ് ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ഉപകാരപ്രദമാകുമെന്നും മോദി പറഞ്ഞു. ഇടനാഴി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.


ഗുരുനാനാക് ദേവിന്റെ 550ാമത് ജന്മദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ പ്രത്യേകം നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം, ജമ്മു കശ്മീരിലെ സിഖ് കുടുംബങ്ങള്‍ക്കും രാജ്യം മുഴുവനുള്ള മറ്റ് സിഖുകാരെപ്പോലെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു.


പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനേയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇന്ത്യയിലെ സിഖ് പുണ്യസ്ഥലമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയേയും ബന്ധിപ്പിച്ച് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കര്‍താര്‍പൂരില്‍ നിന്ന് പഞ്ചാബിലെ ഗുരുദാസ്പുറിലേക്ക് നാല് കിലോമീറ്റര്‍ നീളമുള്ള തീര്‍ത്ഥാടക പാതയാണ് ഇത്.

 

OTHER SECTIONS