ഇത് സ്വയം പര്യാപ്‌ത ഇന്ത്യ- പ്രധാനമന്ത്രി

By sisira.22 01 2021

imran-azhar

 

 

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

 

'രാജ്യത്ത് രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് ഉല്പാദിപ്പിക്കുന്നത്. അത് രാജ്യവ്യാപകമായി വിതരണം നടത്തുകയും ചെയ്യുന്നു. സ്വയംപര്യാപ്തരായി എന്നുമാത്രമല്ല കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളെ സഹായിക്കുന്നുമുണ്ട്. ' പ്രധാനമന്ത്രി പറഞ്ഞു.

 

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോടും കുത്തിവെപ്പ് എടുക്കുന്നവരോടും വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 


സ്വച്ഛ് ഭാരത് മിഷന്‍ രാജ്യത്ത് ശുചിത്വം ഉറപ്പാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 


വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ വാരണാസിയിലെ 15 വാക്‌സിനേഷന്‍ സെന്ററുകളിലായി 20,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

 

'ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി നടക്കുന്നത് നമ്മുടെ രാജ്യത്താണ്. ഇന്ന്, സ്വന്തം വാക്‌സിന്‍ ഉല്പാദിപ്പിക്കാനുളള ഇച്ഛാശക്തി രാജ്യത്തിനുണ്ട്. ഒന്നല്ല, രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് നമുക്കുളളത്. ഈ വാക്‌സിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ പൂര്‍ണമായും ഒരു സ്വാശ്രയ രാജ്യമായി മാറിയിരിക്കുകയാണ്.' പ്രധാനമന്ത്രി പറഞ്ഞു.

 

'നേരത്തേ വാക്‌സിന്‍ എപ്പോഴെത്തുമെന്നത് സംബന്ധിച്ച് എനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു അത് രാഷ്ട്രീയനേതാക്കളല്ല, ശാസ്ത്രജ്ഞരാണ് അത് തീരുമാനിക്കുന്നതെന്ന് നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍ക്കൊടുവില്‍ വാക്‌സിന്‍ എത്തിയിരിക്കുകയാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

OTHER SECTIONS