നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നതായി രാജ്കുമാറിന്റെ ഭാര്യ

By mathew.14 08 2019

imran-azhar

 

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് രാജ്കുമാറിന്റെ ഭാര്യ വിജയ. കേസില്‍ സിബിഐ അന്വേഷണം വേണമെന്നത് കുടുംബം തുടക്കം മുതല്‍ ആവശ്യപ്പെടുന്നതാണെന്നും വിജയ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തി ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ വീഴ്ച ഉള്ളതു കൊണ്ടാണ് എസ്‌ഐ സാബുവിന് ജാമ്യം കിട്ടിയത്. കേസിലെ ആരോപണ വിധേയനായ എസ്പിയെ ചോദ്യം ചെയ്യുന്നത് പോലും മാസങ്ങള്‍ക്ക് ശേഷമാണ്. പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും വിജയ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നിലവില്‍ കേസില്‍ നടക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നത്.

രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എസ്.ഐ സാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സാബുവിനും നാലാം പ്രതി സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

OTHER SECTIONS