നീറ്റ് ഫലം പ്രസിദ്ധീകരിച്ചു;ആദ്യ 50 പേരില്‍ മൂന്ന് മലയാളികള്‍

By anju.05 06 2019

imran-azhar

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. 720ല്‍ 701 മാര്‍ക്കാണ് നളിന്‍ നേടിയത്.

 

ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്.


റാങ്ക് പട്ടികയിലെ ആദ്യ 50 പേരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടു. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന് വി.പി എന്നീ മൂന്നു മലയാളികളാണ് ആദ്യ അന്‍പതില്‍ ഇടംപിടിച്ചത്. കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയ 66.59 ശതമാനം പേരും യോഗ്യത നേടി.

695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.


മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ NEET പരീക്ഷ നടന്നത്. കര്‍ണാടയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഒഡീഷയില്‍ ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കുമായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. പ്രവേശന പരീക്ഷയുടെ ഫൈനല്‍ ആന്‍സര്‍ കീ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് NTA പ്രസിദ്ധീകരിച്ചിരുന്നു.