ഒ. മാധവന്റെ ചെറുമകൾക്ക് ബോളിവുഡ് തിരക്കഥ പുരസ്‌കാരം

By വി.എസ് രശ്മി .19 05 2020

imran-azhar

 

 

മുംബൈ: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സിനിസ്റ്റാന്‍ തിരക്കഥാ മത്സരത്തില്‍ നീത ശ്യാമിന് അവാര്‍ഡ്. കാളിദാസ കലാകേന്ദ്രത്തിലൂടെ മലയാളത്തിന് പുതിയൊരു കലാ സംസ്‌കാരം സമ്മാനിച്ച നാടകാചാര്യന്‍ യശഃശരീരനായ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും കൊച്ചുമകളാണ് അഭിമാനകരമായ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ നീത ശ്യാം. ബോളിവുഡ് താരം ആമിര്‍ ഖാന്‍, സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി, തിരക്കഥാകൃത്തുക്കളായ ജൂഹി ചതുര്‍വേദി, അര്‍ജുപന്‍ രാജബലി എന്നിവരുടെ സാരഥ്യത്തിലുള്ള സിനിസ്റ്റാന്‍ സംഘടിപ്പിച്ച തിരക്കഥാ മത്സരത്തില്‍ ഏറ്റവും മുന്നിലെത്തിയ 5 തിരക്കഥകളിലൊന്ന് നീതയുടെ 'ഫൂട്പ്രിന്റ് ഓണ്‍ വാട്ടര്‍' ആണ്. മൂവായിരത്തിലധികം തിരക്കഥകളില്‍ നിന്നാണ് 'ഫൂട്പ്രിന്റ് ഓണ്‍ വാട്ടര്‍' സമ്മാനാര്‍ഹമായത്. മൂന്ന് ലക്ഷം രൂപ നീതയ്ക്ക് സമ്മാനത്തുകയായി ലഭിക്കും. അമീര്‍ഖാനാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

 

ഇംഗ്ലണ്ടിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതമാണ് തിരക്കഥയുടെ പ്രമേയം. പൊലീസിന്റെ കണ്ണില്‍പ്പെടാതെ കാണാതായ മകളെ തിരയുന്ന അനധികൃത കുടിയേറ്റക്കാരനായ ഒരു അച്ഛന്റെ വ്യഥകള്‍ ആവിഷ്‌ക്കരിക്കുന്ന ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന തിരക്കഥ ലണ്ടന്‍ പശ്ചാത്തലത്തിലാണ് പറയുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നീത 16 വര്‍ഷമായി യുകെയിലാണ് താമസം. പ്രഗത്ഭരായ ജൂറി അംഗങ്ങള്‍ തന്റെ തിരക്കഥ വായിക്കും എന്നത് തന്നെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായതെന്ന് നീത പറഞ്ഞു. അവാര്‍ഡ് കിട്ടുമോ ഇല്ലയോ എന്നൊന്നും ആലോചിച്ചില്ല.

 

സ്വന്തം ഭാഗത്തുനിന്നുള്ള ശ്രമമാണ് ആദ്യം വേണ്ടത്. അനിയത്തി നതാലിയയുടെ ഹ്രസ്വ ചിത്രത്തിന് വേണ്ടിയായിരുന്നു തിരക്കഥ എഴുതിത്തുടങ്ങിയത്. ഇനി ഈ സ്‌ക്രിപ്റ്റ് സ്‌ക്രീനില്‍ കാണാനുള്ള ശ്രമങ്ങളാണ് നടത്തുക എന്ന് ആവേശത്തോടെ നീത പറയുന്നു.ഒ. മാധവന്റെ മകളും അദ്ധ്യാപികയും എഴുത്തുകാരിയുമായ ജയശ്രീയുടെയും എന്‍ജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ ശ്യാമിന്റെയും മകളാണ് നീത. ഇളയ സഹോദരി നതാലിയ ലണ്ടനിലെ റെഡിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചലച്ചിത്രസംവിധാനത്തില്‍ ബിരുദം നേടിയ ശേഷം ഷോര്‍ട്ട് ഫിലിം ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. നതാലിയയുടെ അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥ എഴുതിയത് നീതയാണ്. പ്രസിദ്ധ നടന്‍ മുകേഷിന്റെ സഹോദരിപുത്രിമാരാണ് നീതയും നതാലിയയും.

 

OTHER SECTIONS