നെഹ്‌റു കോളേജ് വിഷയം ; പ്രതികാരനടപടിയില്‍ പ്രതിഷേധിച്ച് മുഴുവന്‍ നെഹ്റു കോളേജ് വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌കരിച്ചു

By BINDU PP.09 Feb, 2017

imran-azhar

  

പാമ്പാടി: നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റ് വീണ്ടും പ്രതികാരനടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. നാല് എസ്എഫ്‌ഐ നേതാക്കളെയാണ് കോളേജില്‍ ക്ലാസില്‍ കയറ്റാതെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന പിടിഎ യോഗത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും, അതുവരെ ക്ലാസില്‍ കയറെണ്ടെന്നുമെന്നാണ് മാനേജ്‌മെന്റ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. വിവരം പുറത്തറിഞ്ഞതോടെ കോളേജിലെ വിദ്യാര്‍ത്ഥികളാകെ ക്ലാസ് ബഹിഷ്‌കരിച്ച് പുറത്ത് കുത്തിയിരിക്കുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

 


മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചുവെന്ന ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസ്, ജോസെക്രട്ടറി നിഖില്‍ ആന്റണി, എക്‌സിക്യുട്ടീവ് അംഗങ്ങളായ മൊഹമ്മദ് ആഷിഖ്, സുജീഷ് എന്നിവരെയുമാണ് ശിക്ഷാ നടപടികള്‍ സ്വീകരിച്ച് പുറത്താക്കിയിരിക്കുന്നത്. നെഹ്‌റു കോളേജിലെ ഫാംഡി വിദ്യാര്‍ത്ഥികളെയാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. അടുത്തിടെ രൂപീകരിച്ച എസ്എഫ്‌ഐ യൂണിറ്റിന്റെ ഭാരവാഹികളെയാണ് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത്.

 


ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നുള്‍പ്പെടെയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയിരിക്കുന്നത്. പ്രിന്‍സിപ്പലിനെ കാണാനെത്തിയ വിദ്യാര്‍ത്ഥിക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ക്ലാസ് തുടങ്ങിയിട്ടില്ല. ഓരോ ബാച്ചിലെയും ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കാനുള്ള ഘട്ടംഘട്ടമായ പദ്ധതിയായാണ് ഇതിനെ വിദ്യാര്‍ത്ഥികള്‍ കണക്കാക്കുന്നത്. വിഷയത്തില്‍ സമരം ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.

 

 

ഫോട്ടോ കടപ്പാട് ; റിപ്പോർട്ടർ ടിവി