നേമത്തെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പാതിവഴിയില്‍

By online desk.15 07 2019

imran-azhar

 

നേമം ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പാതിവഴിയില്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് ഗ്രാമീണ റോഡുകളുടെ നവീകരണത്തിനുള്ള ടാര്‍ മിശ്രിതത്തില്‍ ഉപയോഗിക്കുന്ന പദ്ധതിയാണ് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായത്. പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ധാരണയിലാണ് പ്രദേശവാസികള്‍ പദ്ധതിയെ എതിര്‍ക്കുന്നത്. പദ്ധതിക്കായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.


അതിനിടെ നേമം ബ്ലോക്കിലെ മാറനല്ലൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, കല്ലിയൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് എന്നീ പഞ്ചായത്തുകള്‍ പദ്ധതിക്കായി പ്ലാസ്റ്റിക് ശേഖരിക്കുന്നത് തുടങ്ങിയിട്ടുമാസങ്ങളായി. വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിലെ ഹരിതസേന വഴിയാണ് ശേഖരിക്കുന്നത്. മാലിന്യമില്ലാത്ത പ്ലാസ്റ്റിക് മാത്രമേ യന്ത്രങ്ങളില്‍ പൊടിച്ചെടുക്കാന്‍ സാധിക്കൂ. ഹരിതസേനയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന പദ്ധതി കൂടിയാണിത്.
എന്നാല്‍, ഷ്രെഡിംഗ് യൂണിറ്റിനുള്ള കെട്ടിടനിര്‍മ്മാണവും വൈദ്യുതീകരണവും മാത്രമാണ് പൂര്‍ത്തിയായത്. ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥാപിക്കേണ്ട യന്ത്രങ്ങള്‍ എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പത്തു ലക്ഷമാണ് പദ്ധതിവിഹിതമായി പദ്ധതിക്ക് ചെലവിട്ടത്. ഈ വര്‍ഷത്തെ പദ്ധതി പദ്ധതിയില്‍ 20 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്.


രാഷ്ട്രീയപാര്‍ട്ടികളെയും റസിഡന്റ്‌സ് അസോസിയേഷനുകളെയും വിശ്വാസത്തിലെടുത്ത് ജനകീയപങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം. പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവത്കരണവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പദ്ധതിയുടെ മാതൃക കാണുന്നതിനായി പ്രദേശവാസികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അവസരം ഒരുക്കിയിരുന്നു.


50 മൈക്രോണില്‍ താഴെയുള്ള, സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കാണ് ചെറുതരികളാക്കി ടാറിംഗിന് ഉപയോഗിക്കുന്നത്. ഒരു കിലോമീറ്റര്‍ ടാറിംഗിന് 1700 കിലോ പ്ലാസ്റ്റിക് വേണ്ടിവരും. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഷ്രെഡിംഗ് യൂണിറ്റുകള്‍ക്കു നല്‍കുന്നുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പണവും നല്‍കുന്നുണ്ട്. മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നവീകരിക്കുന്ന റോഡുകളില്‍ 10 ശതമാനമെങ്കിലും പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവും ഉണ്ട്.

OTHER SECTIONS