തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ജോര്‍ദ്ദാന്‍ താഴ്‌വാരം ഇസ്രയേലിനോട് ചേര്‍ക്കുമെന്ന് നെതന്യാഹു

By mathew.11 09 2019

imran-azhar


ജറുസലം: അടുത്തയാഴ്ച നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രയേലിനോട് ചേര്‍ക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്വരയും വടക്കന്‍ ചാവുകടലും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇസ്രയേലിനൊട് ചേര്‍ക്കുമെന്നാണ് പ്രഖ്യാപനം. മധ്യപൂര്‍വ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതികളോട് ചേര്‍ന്ന് ഇത് സാധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ നെതന്യാഹു പറഞ്ഞു.

ജോര്‍ദാന്‍ താഴ്വാരം ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അതിനിര്‍ണായകമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യുഎസില്‍ നിന്നുള്ള നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനായി ജോര്‍ദാന്‍ താഴ്വരയില്‍ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പലസ്തീനും പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങള്‍ സമാധാന നീക്കങ്ങള്‍ക്ക് സഹായകമല്ലെന്ന് ഗുട്ടറസ് വ്യക്തമാക്കി.

സെപ്റ്റംബര്‍ 17നാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.

 

OTHER SECTIONS