By Dipin Mananthavady.20 01 2021
മത്സരിക്കുന്നെങ്കില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയും
ദിപിന് മാനന്തവാടി
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന് സാധ്യത തെളിയുന്നു. വരുന്ന ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന കൂടിയാലോചനകളില്‍ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച അന്തിമ ധാരണകള്‍ ഉണ്ടാകുമെന്നാണ് സൂചന. കെ.പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനായതോടെയാണ് പുതിയ കെ.പി.സി സി പ്രസിഡന്റിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിയത്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ അടിമുടി ശക്തിപ്പെടുത്താന്‍ കഴിയുന്ന നേതാവ് എന്ന നിലയിലാണ് നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കെ.സുധാകരന്റെ പേര് ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ വന്നിരിക്കുന്നത്.
2011ല്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല നിയമസഭയിലേയ്ക്ക് മത്സരിച്ചത് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം നേതാക്കള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുന്നതിരെ രംഗത്തുണ്ട്. കെ.പി.സി.സി പ്രസിഡന്റ് ആയതിനാല്‍ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു സിറ്റിംഗ് എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് മുല്ലപ്പള്ളി മത്സരിക്കുന്നത് മുന്‍നിലപാടിന് വിരുദ്ധമാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. മത്സരിക്കുന്നെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിഞ്ഞ് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുമെന്ന നിലപാട് മുല്ലപ്പള്ളി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ കൂടിയാലോചനകള്‍ കേന്ദ്രനേതൃത്വം നടത്തുന്നത്. അടുത്ത ദിവസം ഡല്‍ഹിയില്‍ എത്തുന്ന കെ.സുധാകരനുമായി ഹൈക്കമാന്റ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കെ.സുധാകരന് കെ.പി.സി.സി പ്രസിഡന്റാകുന്നതിനോട് ഉമ്മന്‍ചാണ്ടിയ്ക്കും അനുകൂല നിലപാടാണെന്നാണ് അറിയുന്നത്.
ഇതിനിടെ ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാട് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം രംഗത്തുണ്ട്. ക്ക് നാലു തവണ ജനപ്രതിനിധിയായ വി.ഡി സതീശനെ ഇത്തവണ സംഘടനാ രംഗത്തേക്ക് മാറ്റി കെ.പി.സി.സി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. നേതൃതലത്തിലെ തലമുറ മാറ്റമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ ഈ നിര്‍ദ്ദേശവും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിലപാടും നിര്‍ണ്ണായകമാകും.