ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണ ഹരിത ചട്ടം വരുന്നു

By Nandan G.24 09 2018

imran-azhar

 

 

തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നവംബര്‍ 1 മുതല്‍ ഒക്ടോബര്‍ 2 വരെ ശുചീകരണ യജ്ഞം നടത്തും. ജില്ല ആസൂത്രണ സമിതിയും ശുചിത്വ മിഷനും ഹരിതകേരളം മിഷനും കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛാ ഹി സേവ പദ്ധതിയുമായി ചേര്‍ന്നാണ് ഹരിത ചട്ടത്തിന്റെ പ്രഖ്യാപനം നടത്തുക. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണ ഹരിത ചട്ടം പാലിച്ചു കൊണ്ടുള്ള പ്രഖ്യാപനവും നടക്കും. തുടര്‍ന്ന് കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും. നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കലണ്ടര്‍ തയ്യാറാക്കി ആയിരിക്കും ഒരു മാസക്കാലത്തെ പ്രവര്‍ത്തനം. ഹരിതകേരളം മിഷന്റെ തദ്ദേശതല കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ശുചീകരണവും നടത്തും. നവംബര്‍ 25 ന് കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരംഭിക്കുന്ന ശുചീകരണയജ്ഞം ഒക്ടോബര്‍ 2 ന് ജില്ലാ തല ഹരിതചട്ട പരിപാലന സെമിനാറോടെ സമാപിക്കും. ഇതിനിടെ 27 ന് സ്‌കൂളികളില്‍ പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് ജൈവ-അജൈവ മാലിന്യ സംസ്‌കരണ സന്ദേശങ്ങള്‍ നല്കും. 28നും 29 നും പൊതുമാര്‍ക്കറ്റുകള്‍ പൊതുസ്ഥലങ്ങള്‍ നീര്‍ച്ചാലുകള്‍ പൊതു കിണറുകള്‍ തുടങ്ങിയവ വൃത്തിയാക്കും തുടര്‍ന്ന് 30 ന് സന്നദ്ധ പ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ഡ്രൈ ഡേ ആചരിക്കും. ശുചീകരണ യജ്ഞത്തിന്റെ സമാപനത്തോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പൂര്‍ണ്ണ ഹരിത ചട്ടം പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്കാനാണ് നീക്കം.

OTHER SECTIONS