പുതിയ സെര്‍ച്ച് എഞ്ചിനുമായി ഇന്ത്യക്കാരായ മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍

By Meghina.24 01 2021

imran-azhar

 

ഗൂഗിളിനോട് മത്സരിക്കാൻ ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ രൂപംനല്‍കിയ സെർച്ച് എൻജിൻ ആണ് 'നീവ'.

 

പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച് എഞ്ചിന്‍ അതാണ് 'നീവ'. 2021 പകുതിയോടെ സെര്‍ച്ച് എഞ്ചിന്‍ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

 


പൊതുജനങ്ങള്‍ക്ക് മുന്നില്‍ സെര്‍ച്ച് സംവിധാനം എത്തിക്കുന്നതിന് മികച്ച ആശയമാണ് പരസ്യ മോഡല്‍. എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പരസ്യങ്ങള്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് 'ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ രാമസ്വാമി പറഞ്ഞു .

 

കൂടുതല്‍ മികച്ച സെര്‍ച്ച് സംവിധാനം നിര്‍മിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു .

 


ഉപഭോക്തൃ വിവരങ്ങള്‍ക്ക് മേല്‍ ഗൂഗിള്‍ ഉള്‍പ്പെടുന്ന സാങ്കേതികരംഗത്തെ ഭീമന്മാരുടെ അധീശത്വം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

 

ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്, സബ്സ്‌ക്രിപ്ഷന്‍ മോഡലാണ് 'നീവ' പ്രവര്‍ത്തിക്കുക.

 

 

നാലഞ്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കാനാണ് 'നീവ'യുടെ അണിയറ ശില്‍പികള്‍ ലക്ഷ്യമിടുന്നത്.

 

ശ്രീധറിന്റെയും വിവേകിന്റെയും നേൃത്വത്തില്‍ 45 പേരുള്ള സംഘമാണ് 'നീവ'യ്ക്ക് രൂപംനല്‍കുന്ന സ്റ്റാര്‍ട്ടപ്പിലുള്ളത്.

 

ആദ്യം യുഎസിലും പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും 'നീവ' സെര്‍ച്ച് എഞ്ചിന്‍ ലഭ്യമാക്കും.

 

 

നീവ സ്റ്റാര്‍ട്ടപ്പിന് 3.75 കോടി ഡോളര്‍ സമാഹരിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. ഗൂഗിളിനെ പോലെ നിര്‍മിതബുദ്ധി സങ്കേതങ്ങളുടെ സേവനവും നീവയില്‍ ഉപയോഗിക്കുന്നുണ്ട്.

 

പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ആരുമായും പങ്കുവെക്കില്ലെന്നും സെര്‍ച്ച് ഹിസ്റ്ററി വിവരങ്ങള്‍ 90 ദിവസത്തിന് ശേഷം നീക്കം ചെയ്യുമെന്നും നീവ അതിന്റെ ബ്ലോഗില്‍ വ്യക്തമാക്കി.

 

ശ്രീധര്‍ രാമസ്വാമിയും വിവേക് രഘുനാഥനും ഗൂഗിളിന്റെ പരസ്യവിതരണ സംവിധാനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഉള്‍പ്പടെ വ്യക്തമായ ധാരണയുള്ളവരാണ് .

 

ചെന്നൈ ഐഐടി ബിരുദധാരിയായ രാമസ്വാമി ഗൂഗിളിലെ പരസ്യ, വാണിജ്യ വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു.

 

മുംബൈ ഐഐടി ബിരുദധാരിയായ വിവേക് രഘുനാഥന്‍ യൂട്യൂബിലെ മൊണട്ടൈസേഷന്‍ വൈസ് പ്രസിഡന്റായിരുന്നു.

OTHER SECTIONS