ലോക് ഡൗണിന്റെ മറവില്‍ നെയ്യാറില്‍ വന്‍തോതില്‍ മണല്‍ഖനനം

By online desk .05 07 2020

imran-azhar

 

 

പൂവാര്‍: കൊറോണയും, ലോക് ഡൗണും, മഴയും മറയാക്കി നെയ്യാറില്‍ മണല്‍ഖനനമെന്ന് പരാതി. ഓലത്താന്നി മുതല്‍ പഴയ കട, മാവിളക്കടവ്, പാഞ്ചിക്കാട്ട് കടവ് പൂവാര്‍ വരെയുള്ള സ്ഥിരം മണലൂറ്റ് സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും വന്‍തോതില്‍ മണല്‍വേട്ട നടന്നതെന്ന് സമീപവാസികള്‍ പറയുന്നു. നൂറ് ലോഡ് മണലെങ്കിലും നെയ്യാറ്റില്‍ നിന്നും കരയില്‍ നിന്നും ഊറ്റി കടത്തിയതായാണ് അറിയുന്നത്.നെയ്യാറില്‍ നിന്നും എടുക്കുന്ന മണല്‍വള്ളങ്ങളില്‍ കരക്കെത്തിച്ച് മിനിലോറി കളില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. പരിശോധനകളില്ലാത്ത ഊടു റോഡുകള്‍ വഴി ആവശ്യ സ്ഥലങ്ങളിലെത്തിക്കാന്‍ ഒരു ലോഡിന് 16000 രൂപ വരെ വാങ്ങിയിട്ടുണ്ട്. ചില ചെക്ക് പോസ്റ്റ്കള്‍ കടന്നാണ് പോകേണ്ടതെങ്കില്‍ 1000 രൂപ വ്യത്യാസം വരുമെന്ന് ലോറിക്കാര്‍ തന്നെ പറയുന്നു.

 

രണ്ടു തരം മണലാണ് ഇവിടെ വിപണിയിലുള്ളത്. ഒറിജിനല്‍ ആറ്റുമണലും കടല്‍മണ്ണ് കലര്‍ത്തിയ ആറ്റുമണലും.കടല്‍മണല്‍ കലര്‍ത്തിയതാണെങ്കില്‍ 2000 രൂപ കുറയും.ഈ വ്യത്യാസം അറിഞ്ഞും അറിയാതെയും മണല്‍ മാഫിയകളുടെ വലയില്‍ വീഴുന്നവരാണധികവും. പൂവാര്‍ പൊഴിക്കരയില്‍ നിന്നും കണ്ടല്‍ക്കാടുകളുടെ മറവില്‍ നിന്നും രാത്രികാലങ്ങളില്‍ കടല്‍മണ്ണ് വള്ളങ്ങളില്‍ കയറ്റി നെയ്യാറ്റിന്‍ തീരത്തെ ചില ഒളിസങ്കേതങ്ങളിലെത്തിച്ച് ആറ്റുമണലുമായി കലര്‍ത്തിയാണ് വിപണനം. പൂവാര്‍ തീരദേശ പോലീസ് സ്റ്റേഷന് പിന്നിലെ കണ്ടല്‍കാടുകളുടെ കടവ് മണല്‍ കോരി ഗര്‍ത്തങ്ങളായി കിടക്കുകയാണ്.

 

നെയ്യാറിലെ മണല്‍ കയങ്ങളും തീരത്ത് വില കൊടുത്തും പാട്ടത്തിനുമെടുത്ത് മണല്‍ഖനനം നടത്തിയ സ്ഥലങ്ങളും കയങ്ങളായി തീര്‍ന്നിരിക്കുകയാണ്. സമീപ വീടുകള്‍ക്കും വൃക്ഷങ്ങള്‍ക്കും ഭീഷണിയായി തുടരുന്ന അനധികൃത മണല്‍ഖനനത്തിനെതിരെ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

 

 

 

OTHER SECTIONS