ഇന്ത്യയില്‍ ഐഎസ് സ്ഥാപിക്കാന്‍ ശ്രമം നടന്നതായി എന്‍ഐഎ

By mathew.17 07 2019

imran-azhar


ചെന്നൈ: എന്‍ഐഎ അറസ്റ്റ് ചെയ്ത 14 തമിഴ്നാട് സ്വദേശികള്‍ ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) യൂണിറ്റ് സ്ഥാപിക്കാന്‍ ധനസമാഹരണം നടത്തിയതായി വെളിപ്പെടുത്തല്‍. അല്‍ ഖായിദയുമായും യെമനിലെ ഭീകരസംഘടനയായ അന്‍സറുള്ളയുമായും ബന്ധമുള്ള ഇവര്‍ ദുബായില്‍ നിന്നാണ് ധനസമാഹരണം നടത്തിയതെന്നാണ് വിവരം. വഹാദത്ത് ഇ ഇസ്ലാം, ജമാഅത്ത് വഹാദത്ത് ഇ ഇസ്ലാം, അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ആറു മാസത്തോളം യുഎഇ ജയിലില്‍ അടച്ചിരുന്ന ഇവരെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. തിങ്കളാഴ്ച എന്‍ഐഎ ഇവരെ ചെന്നൈ കോടതിയില്‍ ഹാജരാക്കി ജൂലൈ 25 വരെ റിമാന്‍ഡില്‍ വാങ്ങി. സംഘത്തില്‍ മിക്കവരും മാനേജ്മെന്റ് പ്രഫഷണലുകളാണെന്നും വര്‍ഷങ്ങളായി ദുബായില്‍ താമസക്കാരാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഒരാള്‍ 32 വര്‍ഷമായി ദുബായില്‍ താമസിക്കുകയാണ്. ഭീകരാക്രമണങ്ങള്‍ക്കായി വിദേശത്തു നിന്ന് ഇവര്‍ പണം സമാഹരിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാട്ടം നടത്തി ഐഎസ് പ്രത്യയശാസ്ത്രം രാജ്യത്തു നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.എസ്. പിള്ള പറഞ്ഞു.

ഇവരെ ചോദ്യം ചെയ്ത ശേഷം നാഗപട്ടണത്തുള്ള ഹരീഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നത് ഹസന്‍ അലിയാണ്. ചാവേര്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോകളും ഹസന്‍ പോസ്റ്റ് ചെയ്തിരുന്നു.

 

OTHER SECTIONS