By sisira.26 02 2021
അബുജ: വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളായ സംഘം 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസും പട്ടാളവും സംയുക്തമായുള്ള തെരച്ചിലാണ് നടത്തുന്നതെന്ന് പൊലീസ് വക്താവ് മുഹമ്മദ് ഷെഹു വ്യക്തമാക്കി. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഒരു മാധ്യമപ്രവർത്തകന് പരുക്കേറ്റു.
കഴിഞ്ഞ ഡിസംബർ 11ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയിടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകരയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
നിഗർ ജില്ലയിൽ നിന്ന് ഫെബ്രുവരി 16ന് 27 വിദ്യാർഥികൾ ഉൾപ്പെടെ 42 പേരെ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാലിവർ ഇനിയും മോചിതരായിട്ടില്ല.