നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

By online desk.29 01 2020

imran-azhar

 


ഡല്‍ഹി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിർഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നൽകിയ ഹർജിയിൽ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തില്‍ ദയാഹര്‍ജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.

 

താനടക്കം ജയിലില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു.ജയിലില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി. ദയാഹർജി പരിഗണിച്ചതിലെ നടപടിക്രമങ്ങൾ മാത്രമേ പരിശോധിക്കൂവെന്നും കോടതി നേരത്തേ അറിയിച്ചിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.

 


ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി.

 

 

 

OTHER SECTIONS