രാജ്യത്തെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം യുവാക്കളുടെ ഓണ്‍ലൈന്‍ ടാക്‌സി ഭ്രമം; നിര്‍മല സീതാരാമന്‍

By mathew.11 09 2019

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളായ ഒല, ഊബര്‍ എന്നീ കമ്പനികളാണെന്ന കണ്ടെത്തലുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ പുതുതലമുറ യാത്രകള്‍ക്കായി ഒല, ഊബര്‍ ടാക്സികള്‍ തിരഞ്ഞെടുക്കുന്നതിനാലാണ്‌ ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായതെന്നാണ് മന്ത്രിയുടെ അഭിപ്രായം.

 

ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയില്‍ ഇടിവുണ്ടായിരിക്കുകയാണ്. ഈ അവസ്ഥ മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

രാജ്യത്തെ യുവാക്കള്‍ വാഹനങ്ങള്‍ സ്വന്തമായി വാങ്ങുന്നതിന് പകരം ഒല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളെയും മെട്രോ റെയില്‍ സംവിധാനത്തെയും യാത്രകള്‍ക്കായി ഉപയോഗിക്കുന്നതാണ് ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാകാന്‍ പ്രധാന കാരണമെന്നാണ് നിര്‍മല സീതാരാമന്റെ വിലയിരുത്തല്‍. ഇതുകൂടാതെ, രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ചെന്നൈയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

അതേസമയം, മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്റെയും വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ഈ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതിനാലാണോയെന്ന് ട്വീറ്റിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നു.

 

OTHER SECTIONS