കേരളത്തില്‍ പുതിയ പദ്ധതികള്‍ക്കൊരുങ്ങി നിസാന്‍; കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥലം കണ്ടെത്താന്‍ നീക്കം

By mathew.22 07 2019

imran-azhar


തിരുവനന്തപുരം: കേരളത്തില്‍ പുതിയ വികസന പദ്ധതികളള്‍ക്കൊരുങ്ങി നിസാന്‍ ഡിജിറ്റല്‍ ഹബ്. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നിലെ ഓഫിസില്‍ സ്ഥലം തികയാതെ വന്നതോടെ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ പുതിയ ഓഫിസിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ സ്വന്തം ക്യാംപസ് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.

അറുനൂറോളം ജീവനക്കാരാണ് ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഡിജിറ്റല്‍ ഹബില്‍ ഇപ്പോഴളുള്ളത്. ഇതിനു പുറമേ ടെക്‌നോപാര്‍ക്കില്‍ തന്നെയുള്ള പങ്കാളിത്ത കമ്പനികളില്‍ ഏതാണ്ട് 400 പേരും നിസാനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയോളമാകും.

ഡിജിറ്റല്‍ ഹബിലെ ഗവേഷണങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത നിസാന്‍ പട്രോള്‍ കാറിനു റജിസ്‌ട്രേഷന്‍ ചാര്‍ജ് ഒഴിവാക്കണമെന്നും ഇന്‍ഫോസിസ് ക്യാംപസ് ഉപയോഗിക്കുന്നതിനുള്ള വാടകക്കരാറിനു സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ മാസം സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കയ്യെടുത്ത് ഉന്നതതലയോഗം വിളിച്ചു രണ്ടു കാര്യങ്ങളിലും അനുകൂല തീരുമാനമെടുത്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരുമായുള്ള കരാറിലെ നിബന്ധന അനുസരിച്ച് ഡിജിറ്റല്‍ ഹബ് പുരോഗതി സംബന്ധിച്ച് 3 മാസം കൂടുമ്പോള്‍ മാനേജ്‌മെന്റ് അവലോകന യോഗം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വിമാന സര്‍വീസ് മെച്ചപ്പെടുത്തണമെന്നും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി വേണമെന്നും നിസാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള ഉറച്ച പങ്കാളിത്തത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്നും നിസാന്‍ അറിയിച്ചു.

 

 

OTHER SECTIONS