ഇക്കൊല്ലം സ്‌കൂളില്ല; വാർഷിക പരീക്ഷ നടത്താനായേക്കും

By Web Desk.12 08 2020

imran-azhar

 

 

ന്യൂഡല്‍ഹി: കോവിഡ് 19 കാരണം രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകിയേക്കും. അതിനാല്‍ 2020 സീറോ അദ്ധ്യയന വര്‍ഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. എന്നാല്‍ കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യസമിതിയില്‍ അവ്യക്തത തുടരുകയാണ്. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ ധാരണയിലെത്താനായില്ലെന്ന് എംഎച്ച്ആര്‍ഡി ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു. എട്ടാം ക്ലാസിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മതിയെന്ന് നിര്‍ദ്ദേശമുണ്ട്. മൂന്ന് മുതല്‍ ഏഴ് വരെ ഭാഗികമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനും നിര്‍ദ്ദേശം. മൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയനം വേണ്ടെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.

 

അദ്ധ്യയന വര്‍ഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം പേര്‍ക്കും ഓണ്‍ലൈന്‍ ക്‌ളാസുകളിലൂടെ പഠിക്കാന്‍ കഴിയുന്നുണ്ട്. മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നാണ് സര്‍വേ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. 10,11,12 ക്ലാസുകള്‍ ആദ്യം ആരംഭിച്ച്, തുടര്‍ന്ന് 6 മുതല്‍ 9 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനായിരുന്നു തീരുമാനം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം.നിലവിലെ സാഹചര്യത്തില്‍ ഡിസംബറില്‍ സ്‌കൂളുകള്‍ തുറക്കാനായേക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്രതീക്ഷ.

 

OTHER SECTIONS