പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ലോക്സഭ ചര്‍ച്ചയ്ക്കെടുക്കില്ല

By Sooraj Surendran .25 06 2019

imran-azhar

 

 

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച സ്വകാര്യ ബില്ലിന് നറുക്ക് വീണില്ല. ഇതോടെ പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ ഈ സമ്മേളനക്കാലത്ത് ലോക്സഭയില്‍ ചര്‍ച്ച ചെയ്യില്ലെന്നുറപ്പായി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ യുവതീപ്രവേശവിധി വന്ന 2018 സെപ്റ്റംബര്‍ ഒന്ന് വരെ നിലവിലുണ്ടായിരുന്ന അവസ്ഥയില്‍ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്നതായിരുന്നു പ്രേമചന്ദ്രന്റെ ബില്‍ . കഴിഞ്ഞ വെള്ളിയാഴ്ച ഇതുള്‍പ്പെടെ മുപ്പത് സ്വകാര്യബില്ലുകളാണ് സഭയില്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്നു തീരുമാനിക്കാന്‍ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ശബരിമല ഉള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും ഉള്‍പ്പെട്ടില്ല.

 

ബില്‍ നിയമമാവാനുള്ള സാദ്ധ്യത വിരളമായിരുന്നെങ്കിലും ശബരിമലക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിക്കും എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നിരുന്നു. പ്രേമചന്ദ്രനോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പകരം സമഗ്ര ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനുള്ള സാദ്ധ്യതകളും നേരത്തെ ചര്‍്ച്ചയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യൂ ഹര്‍ജ്ജികളില്‍ സുപ്രീം കോടതി വിധി വന്നതിനു ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ നീക്കം നടത്തുകയുള്ളുവെന്നാണ് സൂചനകള്‍. സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാരും ബിജെപിയും ഇതിനോടു യോജിച്ചിച്ചിട്ടില്ല. ഇതിനിടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി എ.വിന്‍സന്റ് എം.എല്‍.എ നിയമസഭാസ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കി.

OTHER SECTIONS