മറ്റ് പാര്‍ട്ടികളില്‍ നിന്ന് എം എല്‍ എമാരെ എത്തിച്ച് മന്ത്രിയാക്കില്ല: ടി പി പീതാംബരന്‍

By praveen prasannan.17 Jan, 2018

imran-azhar

തിരുവനന്തപുരം : മറ്റൊരു പാര്‍ട്ടിയില്‍ നിന്നും എം എല്‍ എമാരെ ചേര്‍ത്ത് എന്‍ സി പിയുടെ പേരില്‍ മന്ത്രിയാക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ മടങ്ങിയെത്തും വരെ വകുപ്പ് വേറെ മന്ത്രിമാരെ ഏല്‍പ്പിക്കുന്നതാകും ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയെ എന്‍ സി പിയിലെത്തിച്ച് മന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് പീതാംബരന്‍ ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിയൊല്‍ ആര്‍ക്കും വേണമെങ്കിലും ചേരാം. എന്നാല്‍ മന്ത്രിയാക്കാന്‍ കഴിയില്ല. മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല.

എ കെ ശശീന്ദ്രനോ തോമസ് ചാണ്ടിയോ കുറ്റവിമുക്തരായി മടങ്ങിയെത്തിയാല്‍ മന്ത്രിസ്ഥാനം മടക്കി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ ബാലകൃഷ്ണ പിള്ളയെ എന്‍ സി പിയിലെത്തിച്ച് മന്ത്രിയാക്കാന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. എന്നാല്‍ ശശീന്ദ്രന്‍, തോമസ് ചാണ്ടി വിഭാഗങ്ങള്‍ ഇതിനെതിരെ പീതാബരനുമായി കലഹിച്ചിരുന്നു. പിന്നീട് ആര്‍ എസ് പി ലെനിനിസ്റ്റില്‍ നിന്ന് കോവൂര്‍ കുഞ്ഞുമോനെ എന്‍ സി പിയില്‍ എത്തിച്ച് മന്ത്രിയാക്കാനുള്ള നീക്കവും എതിര്‍പ്പിനിടയാക്കി.

എന്‍ സി പിയില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കില്ലെന്നും പീതാംബരന്‍ അറിയിച്ചു.

 

 

OTHER SECTIONS