ജപ്പാനിലേക്ക് മിസൈല്‍ അയച്ച് ഉത്തര കൊറിയ: ഇതിന് ഉത്തരകൊറിയയെ പ്രകോപിച്ചത് എന്ത്?

By web desk .04 10 2022

imran-azhar

 

ടോക്യോ: ജപ്പാനിലേക്ക് മിസൈല്‍ അയച്ച് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് ജപ്പാന് നേരെ അയച്ചത്. കൊറിയ നടത്തിയത് മിസൈല്‍ പരീക്ഷണമാണ് എന്നാണ് നിഗമനം. മിസൈല്‍ കടലിലാണ് പതിച്ചത്. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചു. ഒട്ടനവധി ആളുകളെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി.


ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു. മിസൈല്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്ന് ദക്ഷണ കൊറിയയും ആരോപിച്ചു. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ മുന്നറിയിപ്പ് നല്‍കി.


ഐക്യരാഷ്ട്രസഭയുടെ മുഴുവന്‍ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.
ഒക്ടോബര്‍ 16ന് നടക്കാനിരിക്കുന്ന ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് അടുത്ത ദിവസങ്ങളിലായി പ്രകോപനമുണ്ടാകുമെന്നായിരുന്നു യുഎസ് മുന്നറിയിപ്പ് നല്‍കിയത്.

 

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡും സ്ഥിരീകരിച്ചു. കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ദക്ഷിണകൊറിയ, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ദക്ഷിണ കൊറിയയും ജപ്പാനും യുഎസും വെള്ളിയാഴ്ച സമുദ്രത്തില്‍ അന്തര്‍വാഹിനി അഭ്യാസം നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിച്ചത്. കഴിഞ്ഞയാഴ്ച യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സിയോളില്‍ എത്തിയിരുന്നു.

 

 

OTHER SECTIONS