ആന്ധ്രാപ്രദേശ്; മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്

By mathew.17 08 2019

imran-azhar

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഔദ്യേഗിക വസതിയില്‍ നിന്നും കുടിയിറക്കാനൊരുക്കി മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ചന്ദ്രബാബുനായിഡു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. അമരാവതിയിലെ ഉന്ദവല്ലിയിലുള്ള ഔദ്യോഗിക വസതിയില്‍ നിന്ന് മാറണമെന്ന് കാണിച്ചാണ് നായിഡുവിന് ശനിയാഴ്ച നോട്ടീസ് നല്‍കിയത്.


കൃഷ്ണ നദിയുടെ തീരത്താണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. ഉന്ദാവല്ലി തഹസീല്‍ദാര്‍ വി.ശ്രീനിവാസലു റെഡ്ഡി ആണ് അടിയന്തരമായി വസതി ഒഴിയണമെന്ന് കാണിച്ച് നായിഡുവിന് നോട്ടീസ് നല്‍കിയത്. വെള്ളപ്പൊക്ക ഭീഷണിയുള്ളതായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ കൃഷ്ണ നദിയിലേക്ക് ഒരു ലക്ഷം ക്യൂസെക്സ് വെള്ളമെത്തുമെന്നും വിജയവാഡ അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും നായിഡുവിന്റെ വസതിയിലും വെള്ളം കയറുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

നായിഡുവിന്റെ സുരക്ഷാ ജീവനക്കാരാണ് നോട്ടീസ് കൈപ്പറ്റിയത്. ഒരാഴ്ചയായി നായിഡു ഹൈദരാബാദിലെ വസതിയില്‍ ആണെന്നും അദ്ദേഹത്തെ വിവരം ധരിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

OTHER SECTIONS