നോത്രദാം കത്തീഡ്രല്‍ പള്ളിയിലെ തീയണച്ചു; ഗോപുരം പൂര്‍ണമായി നശിച്ചു

By anju.16 04 2019

imran-azhar


പാരിസ്: ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ പടര്‍ന്ന തീ പൂര്‍ണ്ണമായും അണച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചത്. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയിലാണ് തീ പടര്‍ന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍നിന്നു ഉയര്‍ന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു.

 

അതേസമയം, 850ലധികം വര്‍ഷം പഴക്കമുള്ള ദേവാലയം പുനര്‍നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കി. ദേവാലയം പൂര്‍ണമായി കത്തിനശിക്കാതിരുന്നതില്‍ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. 400ല്‍ പരം അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു തീയണച്ചത്.

 

തീപിടിത്തത്തെത്തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്‌നിരക്ഷാ സേനയും തടഞ്ഞു.

 

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു.

OTHER SECTIONS