എന്‍.എസ്.എസ് മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല: കോടിയേരിക്ക് മറുപടി നല്‍കി ജി സുകുമാരന്‍ നായര്‍

By Anju N P.19 12 2018

imran-azhar


ചങ്ങനാശ്ശേരി: എന്‍.എസ്.എസ് മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ക്കെട്ടാനാണ് ശ്രമം നടക്കുന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

എന്‍.എസ്.എസ് മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല. കോടിയേരിയുടെ ഉപദേശവും പരാമര്‍ശവും അജ്ഞത മൂലവും നിലവില സാഹചര്യങ്ങളില്‍ ഉണ്ടായ നിരാശ മൂലവുമാണ്. നവോത്ഥാന വിഷയങ്ങളെപ്പറ്റി കോടിയേരി പഠിക്കണമെന്നും കോടിയേരിക്ക് മറുപടിയായി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

 


രാഷ്ട്രീയത്തിനതീതമായ മതേതരത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്‍.എസ്.എസ്. കോടിയേരിയുടെ പ്രസ്താവന എന്‍.എസ്.എസിനെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. എന്‍.എസ്.എസ് എക്കാലവും വിശ്വാസികള്‍ക്കൊപ്പമാണ്. ഇത് കോടിയേറി മനസ്സിലാക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 


'കേരളം പിന്നിട്ട വഴികളും വര്‍ത്തമാനകാല ആദിവാസിയും' എന്ന വിഷയത്തില്‍ ആദിവാസി ക്ഷേമസമിതി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കോടിയേരി എന്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ചത്. മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കില്‍ കുടുംബാംഗങ്ങളോപ്പം വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടേനെയുന്നും ഇക്കാര്യത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും ഇത് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.

 

OTHER SECTIONS