ലോകത്ത് ശതകോടീശ്വരന്മാരുടെ എണ്ണം കുറയുന്നു

By online desk.12 11 2019

imran-azhar

 

വാഷിങ്ടണ്‍ : ആഗോള തലത്തില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. ആഗോള സാമ്പത്തിക സേവന കമ്പനിയായ യുബിഎസും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പിഡബ്ല്യുസിയും സംയുക്തമായി തയാറാക്കിയ 'ബില്യണര്‍ ഇഫക്റ്റ്' റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2.64% കുറഞ്ഞ് 2101ലേക്കാണ് താഴ്ന്നത്. 2018 ല്‍ 2158 ശതകോടീശ്വരന്‍മാരാണ് ലോകത്തുണ്ടായിരുന്നത്. ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ശതകോടീശ്വര•ാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 10.9% കുറഞ്ഞ് കഴിഞ്ഞ വര്‍ഷം 106ലേക്കെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ അറ്റ ആസ്തി മൂല്യം 8.6% വാര്‍ഷിക ഇടിവോടെ 405.3 ബില്യണ്‍ ഡോളറിലെത്തി.

 

അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും ആണ് ഈ ദിശാമാറ്റത്തിനു കാരണം. അമേരിക്ക, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക, ഏഷ്യ പസഫിക് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളില്‍ നിന്നുള്ള ശതകോടീശ്വരന്‍മാരെയാണ് പഠനത്തിനായി പരിഗണിച്ചത്.അതേസമയം, 2018 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ പുരുഷന്‍മാരേക്കാള്‍ വേഗം വനിതകള്‍ അതിസമ്പന്നരാകുന്നുവെന്നും 'ബില്യണര്‍ ഇഫ്ക്റ്റ്' കണ്ടെത്തി. 2018 അവസാനം വരെയുള്ള കണക്കനുസരിച്ച് 233 ശതകോടീശ്വരികളാണ് ലോകത്തുള്ളത്, 46 ശതമാനം വര്‍ധന. 2018 ല്‍ ആഗോളതലത്തിലെ അതിസമ്പന്നരുടെ സമ്പത്ത് സൃഷ്ടി 4.3% ആണ് കുറഞ്ഞത്. വാണിജ്യ സംഘര്‍ഷങ്ങളും താഴ്ന്ന സാമ്പത്തിക വളര്‍ച്ചയെയും വിപണി അസ്ഥിരതയെയും കുറിച്ചുള്ള ആശങ്കയും സമ്പത്ത് ആര്‍ജ്ജിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

OTHER SECTIONS