സന്യസ്ത വിദ്യാര്‍ത്ഥിനിയുടെ മരണം: ഐജിയുടെ റിപ്പോര്‍ട്ട് തച്ചങ്കരി മടക്കി

By ബി.വി. അരുണ്‍ കുമാര്‍.22 05 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവല്ലയില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി ദിവ്യ.പി. ജോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി നല്‍കിയ റിപ്പോര്‍ട്ട് എഡിഡിപി ടോമിന്‍ ജെ. തച്ചങ്കരി മടക്കി അയച്ചു. വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നു വ്യക്തമായതോടെയാണ് നടപടി. ഐജി ഗോപേഷ് അഗര്‍വാളിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തതയും വിശദീകരണവും എഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ദിവ്യയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നിരിക്കെയാണ് ഐജി ഗൗരവ്വമില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി മൊഴിയെടുത്തത്. അതും ഫോണിലൂടെ മാത്രം. ഗുരുതരമായ കേസായിരുന്നിട്ടും ഐജി നേരിട്ട് അന്വേഷണം നടത്തിയില്ല. സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ചതും മഠത്തിലെ ആള്‍ക്കാരുമായി സംസാരിച്ചതും ഇദ്ദേഹത്തിന്റെ കീഴിലുള്ള എസ്പി കൃഷ്ണകുമാറാണ്. മഠത്തിലെ അന്തേവാസികള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും മൃതദേഹം കണ്ടെന്നു പറയുന്ന സമയത്തിലും ദുരൂഹതയുണ്ടെന്നും പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് ജോമോന്‍ പരാതി നല്‍കിയത്.


ലോക്കല്‍ പൊലീസാണ് സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയത്. അസ്വഭാവിക മരണം നടന്നാല്‍ പൊലീസ് നായയെയും ഫോറന്‍സിക് വിദഗ്ധരെയും സ്ഥലത്തെത്തിച്ച് ഉടന്‍തന്നെ ശാസ്ത്രീയ തെളിവെടുപ്പ് നടത്തേണ്ടതാണ്. എന്നാല്‍ മൃതദേഹം കണ്ടെത്തി പിറ്റേന്നാണ് പൊലീസ് നായയെ കൊണ്ട് സ്ഥലം പരിശോധിപ്പിച്ചത്. ഇതൊന്നും ക്രൈംബ്രാഞ്ച് ഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രീയ പരിശോധനാഫലം വരുംമുമ്പാണ് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. മാത്രമല്ല കന്യാസ്ത്രീ മഠം സ്ഥിതിചെയ്യുന്നതിന് 200 മീറ്റര്‍ അടുത്താണ് സര്‍ക്കാര്‍ താലൂക്കാശുപത്രി സ്ഥിതിചെയ്യുന്നത്. മൃതദേഹം അവിടെ കൊണ്ടുപോകാതെ മലങ്കര കത്തോലിക്കാ സഭയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ദുരൂഹതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സഭയുടെ ആശുപത്രി ജനറല്‍ മാനേജര്‍ മുന്‍ എസ്പി കൂടിയാണ്. ഇദ്ദേഹത്തിന്റെ ഇടപെടല്‍ റിപ്പോര്‍ട്ട് തയാറാക്കലിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായി പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കലാകൗമുദിയോടു പറഞ്ഞു. ദുരൂഹ മരണം നടന്നാല്‍ ശാസ്ത്രീയ പരിശോധനയാണ് പ്രധാനം. എന്നാല്‍ ദിവ്യയുടെ മരണത്തില്‍ ഇതുണ്ടായിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് തയാറായതുമില്ല. തുടക്കത്തില്‍ മുങ്ങിമരണമെന്ന രീതിയില്‍ കേസെടുത്ത പൊലീസ് പിന്നീട് അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

OTHER SECTIONS