കോടതിയും നീതി നിഷേധിക്കുന്നതായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

By Anju N P.13 Sep, 2018

imran-azhar

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള കേസില്‍ കോടതിയും നീതി നിഷേധിക്കുകയാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും കേസ് നീട്ടിക്കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുന്നെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീ നീന റോസ് ആരോപിച്ചു. നീതി കിട്ടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകണം. സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും സിസ്റ്റര്‍ പറഞ്ഞു.

 

അതേസമയം പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സംതൃപ്തിയുണ്ടെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. പഴയ കേസായതിനാല്‍ അന്വേഷിക്കാന്‍ സമയം വേണ്ടിവരും. പൊലീസിനെ സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ല. ഹര്‍ജിക്കാര്‍ കുറച്ചു കൂടി കാത്തിരിക്കണം. സിബിഐ അന്വേഷണം എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കില്ല എന്നും ഹൈക്കോടതി അറിയിച്ചു.

 


ബിഷപ്പിന്റേയും കന്യാസ്ത്രീയുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്താല്‍ കേസ് പ്രതിയ്ക്ക് അനുകൂലമാകുമെന്നും ഐ.ജി ഇന്നലെ മാദ്ധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആറു മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. കന്യാസ്ത്രീയുടെ മൊഴി ഏഴുതവണ രേഖപ്പെടുത്തിയിരുന്നു. രണ്ടു മൊഴികളിലും വൈരുദ്ധ്യങ്ങള്‍ കണ്ടെത്തി. രണ്ട് മൊഴികളും തമ്മിലുള്ള വൈരുദ്ധ്യം പരിശോധിക്കേണ്ടതുണ്ട്. ഇതും അറസ്റ്റ് വൈകാന്‍ കാരണമായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.