By mathew.25 06 2019
ന്യൂഡല്‍ഹി: ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ ലോക്സഭാംഗം നുസ്രത്ത് ജഹാന് എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയില്‍ നേരത്തെ എം.പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നപ്പോള്‍ വിവാഹ ചടങ്ങുകളെ തുടര്‍ന്ന് നുസ്രത്ത് ജഹാന് സഭയിലെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് നുസ്രത്ത് ജഹാന് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാന്. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു എം.പി.യുടെ വിവാഹം. പ്രമുഖ വ്യവസായിയായ നിഖില്‍ ജെയിനാണ് നുസ്രത്ത് ജഹാനെ താലിചാര്‍ത്തിയത്. ജൂണ്‍ 19-ന് തുര്‍ക്കിയിലായിരുന്നു വിവാഹചടങ്ങുകള്‍.
നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എം.പിയായ മിമി ചക്രവര്‍ത്തിക്കും നേരത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മിമി ചക്രവര്‍ത്തിയും ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.