മടങ്ങിവരാന്‍ നൂറിലധികം തൊഴിലാളികള്‍; തേങ്ങലടങ്ങാതെ തീരദേശം

By Anju N P.08 Dec, 2017

imran-azhar

 

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് പോയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും തീരദേശ മേഖലയില്‍ തേങ്ങലടങ്ങുന്നില്ല. 198 തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരദേശവാസികള്‍ പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ 97 പേര്‍മാത്രമാണുള്ളത്. ലത്തീന്‍സഭയുടെ കണക്കനുസരിച്ച് വള്ളങ്ങളിലും കട്ടമരങ്ങളിലുമായി മീന്‍പിടിക്കാന്‍ പോയ 102 പേര്‍ മടങ്ങിവരാനുണ്ട്.

 

വെള്ളിയാഴ്ചയും തീരസംരക്ഷണ സേനയും തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനായി. ഇതോടെ റവന്യൂവകുപ്പിന്റെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 37 ആയി.

 

മൃതദേഹങ്ങളില്‍ രണ്ടെണ്ണം വിഴിഞ്ഞത്തും ഒരെണ്ണം ആലപ്പുഴയിലുമെത്തിച്ചു. തൃശ്ശൂര്‍ മനയ്ക്കക്കടവിലും ഒരു മൃതദേഹം കണ്ടെത്തി. എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. നേരത്തേ ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡി.എന്‍.എ. പരിശോധന നടന്നുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിലടക്കം വിവിധ ഏജന്‍സികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി ചുഴലിക്കാറ്റില്‍പ്പെട്ട 3477 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 351 മലയാളികളാണുണ്ടായിരുന്നത്. കടല്‍ ഇപ്പോള്‍ ശാന്തമായതിനാല്‍ ബോട്ടില്‍ കണ്ടെത്തിയ തൊഴിലാളികളില്‍ പലരും മടങ്ങിവരാന്‍ തയ്യാറാവുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന സൂചന.

 


തമിഴ്നാട് തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ കന്യാകുമാരി ജില്ലയിലെ കുഴിത്തുറയില്‍ തീവണ്ടി ഉപരോധിച്ചു. ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ മൂന്ന് തീവണ്ടികള്‍ റദ്ദാക്കുകയും അഞ്ചു തീവണ്ടികള്‍ പകുതിവഴിക്ക് സര്‍വീസ് നിര്‍ത്തലാക്കുകയും ചെയ്തു. തൊഴിലാളി മാര്‍ച്ചിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗാതഗതം സ്തംഭിച്ചു.

 

OTHER SECTIONS