മാനുവല്‍ ഫ്രെഡ്രറികിന് വീടൊരുങ്ങി; താക്കോല്‍ കൈമാറ്റം 29 ന്

By mathew.20 06 2019

imran-azhar

തിരുവനന്തപുരം: കേരളത്തിന്റെ ഏക ഒളിമ്പിക്സ് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡ്രറികിന്റെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം ജൂണ്‍ 29 ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ പയ്യാമ്പലത്തിനടുത്തു പള്ളിയാംമൂലയിലാണ് 1610 ചതുരശ്രയടിയില്‍ മനോഹരമായ വീടൊരുക്കിയത്.

1972 ലെ മ്യുണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു മാനുവല്‍ ഫ്രെഡ്രറിക്. 21-ാം വയസ്സില്‍ ഒളിമ്പിക്സ് മെഡലണിഞ്ഞ താരത്തിന് ഒളിമ്പ്യനെന്ന അംഗീകാരവും പരിഗണനയും ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കടുത്ത അവഗണനയാണ് മാനുവല്‍ നേരിട്ടത്. മ്യൂണിക് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ടീമിലെ എഴു പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ടുപേര്‍ക്ക് പത്മശ്രീയും നല്‍കി ആദരിച്ചപ്പോള്‍ മാനുവലിനെ മറന്നു.
ജന്മനാട്ടില്‍ ഒരു വീട് എന്നത് മാനുവലിന്റെ വലിയ സ്വപ്നമായിരുന്നു. നിലവില്‍ ബംഗളൂരുവില്‍ വാടകയ്ക്കാണ് താമസം. കേരളത്തിലൊരു വീട് എന്ന ആവശ്യം മാനുവല്‍ മുന്‍കാലങ്ങളില്‍ പലതവണ ഉയിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഇത്തവണ ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം 15 ലക്ഷം രൂപ വിലയുള്ള 5 സെന്റ് സ്ഥലം സര്‍ക്കാര്‍ സൗജന്യമായി നല്‍കി. വീട് നിര്‍മ്മാണവും ഉടന്‍ ആരംഭിച്ചെു. ഊരാളുങ്കല്‍ സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല. പത്തുമാസത്തിനകം വീട് പൂര്‍ത്തിയാക്കി. രണ്ടുനിലയുള്ള വീട്ടില്‍ മൂന്ന കിടപ്പുമുറികളുണ്ട്. 42 ലക്ഷം രൂപയാണ് ചെലവ്.

നേരത്തെ, മുന്‍ സര്‍ക്കാര്‍ പയ്യാമ്പലത്ത് വീട്വെക്കാന്‍ മൂന്ന് സെന്റ് സ്ഥലം നല്‍കിയിരുന്നു. എന്നാല്‍, നിര്‍മ്മാണപ്രവൃത്തികള്‍ക്ക് അനുമതിയില്ലാത്ത മേഖലയിലായിരുന്നു ഈ ഭൂമി. അതിനു പകരം മനോഹരമായ പ്രദേശത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയാണ് മാനുവല്‍ ഫ്രെഡറിക്. കണ്ണൂര്‍ ബിഇഎംയുപി സ്‌കൂളിലും സെന്റ് മൈക്കിള്‍സ് സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. പതിനൊാം വയസ്സില്‍ ഹോക്കിയില്‍ സജീവമായി. പിന്നീട് ബംഗളൂരു ആര്‍മി സപ്ലൈ കോറിലെ കളിക്കാരനായി. 21 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഗോള്‍വല കാത്തിട്ടുണ്ട്. 1973ല്‍ ഹോളണ്ടില്‍ നടന്ന ലോകകപ്പില്‍ വെള്ളിയും പിന്നീട് അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 18 വര്‍ഷം ബംഗളൂരുവിലെ എച്ച്എഎല്ലിന്റെ പരിശീലകനായി.

ബംഗളൂരു ശാസ്ത്രി നഗറിലെ വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ താമസം. ഒളിംപിക് മെഡല്‍ നേടിയവര്‍ക്ക് പ്രതിമാസം ലഭിക്കുന്ന പതിനായിരം രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനം.

 

 

OTHER SECTIONS