ഒമാനില്‍ നിന്നും വിദേശികള്‍ രാജ്യം വിടുന്നു

By Amritha AU.13 Mar, 2018

imran-azhar

 

മസ്‌ക്കറ്റ്: ഒമാനില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ 20,717 വിദേശികള്‍ രാജ്യം വിട്ടതായി കണക്കുകള്‍. വിദേശികളുടെ വരവ് കുറയ്ക്കുന്നതിന്റെ ഭാഗമായി് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതെന്ന് മജ്‌ലിസുശൂറ അംഗം അസീസ് അല്‍ ഹസ്‌നി പറഞ്ഞു. ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.


ഇന്തോനേഷ്യന്‍, ഇതോപ്യന്‍ സ്വദേശികളുടെ എണ്ണത്തിലാണ് ഏറ്റവും കുറവ്. വീട്ടുജോലിക്കാരുടെ റിക്രൂട്ടിങിന് ഏര്‍പ്പെടുത്തിയ നിബന്ധനകളാണ് ഈ രണ്ട് രാഷ്ട്രക്കാരുടെയും എണ്ണം കുറയാന്‍ കാരണം. അതേ സമയം ഫിലിപ്പൈന്‍ സ്വദേശികളുടെ എണ്ണത്തില്‍ മാത്രം കാര്യമായ കുറവില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ദശാബ്ദ കാലത്തോളം വര്‍ധനവിന്റെ പാതയില്‍ നിന്നാണ് വിദേശികളുടെ എണ്ണം കുറയുന്നത്. എല്ലാ രാജ്യക്കാരുടെ എണ്ണത്തിലും കൃത്യമായകുറവ് ദൃശ്യമാണ്.

 

കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒമാന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും വിദേശികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. കര്‍ശനമായ സ്വദേശിവത്കരണ നയങ്ങളും വിസാ നയങ്ങളുമാണ് വിദേശികളുടെ വരവിന് തടയിടുന്നത്. ജനുവരി അവസാനം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളില്‍ ആറു മാസത്തേക്ക് താത്ക്കാലിക വിസാ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വരും മാസങ്ങളില്‍ വിദേശി ജനസംഖ്യയില്‍ കുറവുണ്ടാക്കാന്‍ സാധ്യതയുണ്ട്. 2007 മുതല്‍ 2017 വരെ കാലയളവിലെ വിദേശി ജനസംഖ്യയില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്.

OTHER SECTIONS