ഒമിക്രോണ്‍: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു, കൂടുതലും 5 വയസ്സില്‍ താഴെയുള്ളവര്‍

By Avani Chandra.27 12 2021

imran-azhar

 

ന്യൂയോര്‍ക്ക്: കൊറോണയുടെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവരില്‍ പകുതിയിലേറെയും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

 

കോവിഡ് കേസുകളില്‍ അമേരിക്കയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താല്‍ അമേരിക്കയിലെ ശരാശരി 1.90 ലക്ഷമാണ്.

 

നിലവില്‍ അവധി ദിന യാത്രകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അടുത്ത മാസത്തോടെ അമേരിക്കയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് വൈറ്റ് ഹൗസിന്റെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉപദേഷ്ടാവ് ആന്തണി ഫൗച്ചി പറഞ്ഞു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുകയെന്നതാണ് നയമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

 

കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരാനുള്ള സാധ്യതയാണ് ഒമിക്രോണ്‍ പിടിമുറുക്കുമ്പോള്‍ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ വേണ്ടുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാനമെന്ന് ആന്തണി ഫൗച്ചി പറഞ്ഞു. അതേസമയം, ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടത്തിയ പഠനങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുന്നില്ലെന്നും ഓക്‌സിജന്‍ ആവശ്യമായി വരുന്ന സാഹചര്യം കുറവാണെന്നും ഫൗച്ചി ചൂണ്ടിക്കാട്ടി.

 

OTHER SECTIONS