ഓണച്ചന്ത: അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈകോ

By BINDU PP.12 Aug, 2017

imran-azhar

 

 


തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈകോ. സംസ്ഥാനത്തുടനീളം ഒരാഴ്ചക്കുള്ളില്‍ 1,470 ഓണച്ചന്തകള്‍ തുറക്കും. ബിപിഎല്‍, ആദിവാസി കുടുംബങ്ങള്‍ക്ക് 700 രൂപ വിലയുള്ള ഓണക്കിറ്റ് സൗജന്യമായി നല്‍കുമെന്നും സപ്ലൈകോ അറിയിച്ചു.ഓണക്കാലത്ത് കേരളത്തില്‍ അവശ്യസാധനങ്ങളുടെ വില ഉയരാതിരിക്കാനാണ് സപ്ലൈകോയുടെ ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും ഓണച്ചന്തകള്‍ തുറക്കും. മാവേലി സ്റ്റോറുകളാണ് ഓണച്ചന്തയാക്കി മാറ്റുന്നത്. ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലടക്കം മവേലി സ്റ്റോറില്ലാത്ത 30 പഞ്ചായത്തുകളില്‍ താത്കാലിക സ്റ്റാളുകള്‍ ക്രമീകരിക്കും. താലൂക്ക്, നിയോജക മണ്ഡല ആസ്ഥാനങ്ങളിലും ഓണച്ചന്തകള്‍ തുടങ്ങും. ഇവിടേക്ക് സബ്‌സിഡി നിരക്കിലും അല്ലാതെയും ആവശ്യാനുസരണം ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ കരാറായി കഴിഞ്ഞു.
അരി, മുളക്, തേയില എന്നിവയടക്കമാണ് സപ്ലൈകോയുടെ ബിപിഎല്‍, ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ്. 700 രൂപ വിലയുള്ള ഓണക്കിറ്റ് ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഓണപ്പരീക്ഷ തീരുന്ന ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി നല്‍കും. 7,000 ടണ്‍ അരി എത്തിക്കാന്‍ ഇടനിലക്കാരില്ലാതെ ആന്ധ്രസര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതിനാല്‍ ഓണക്കാലത്ത് അരി വില കൂടില്ലെന്നാണ് വിലയിരുത്തല്‍. ഓണച്ചന്തകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് സപ്ലൈകോ എംഡി അറിയിച്ചു.